കണ്ണൂർ: ഉത്തമബോധ്യത്തോടെ പ്രവർത്തിക്കുന്നവരാകണം അധ്യാപകരെന്ന് സജീവ് ജോസഫ് എംഎൽഎ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്സ് ഹൗസ് ഹാളിൽ നടന്ന വടക്കൻ മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്കാവിദ്യാലയങ്ങൾ നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനും ഏറെ സഹായിച്ചതായും പൂർവ വിദ്യാർഥി കൂട്ടായ്മയിലൂടെ സ്കൂളുകൾ ശക്തമാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകർ അറിവ് നൽകുന്നവർ മാത്രമല്ല ദർശനം നൽകുന്നവരാണെന്നും വളർന്നുവരുന്ന തലമുറയ്ക്ക് ഇതാണ് അനുഗ്രഹമായി മാറുന്നതെന്നും അധ്യക്ഷപ്രസംഗം നടത്തിയ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ. ക്ലാരൻസ് പാലിയത്ത്, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, എം.ജെ. ജോമറ്റ്, എൻ. ഡബ്ല്യു. ഷേർലി , ശോഭ ടോം, മഞ്ജുഷ മനോജ്, പി.ടി. ഷൈനി, അഗസ്റ്റിൻ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
സൂപ്പർ 30 വിഷയാവതരണം സംസ്ഥാന ജനറൽ സെക്രട്ടറിയും സംഘടനാ വിശകലനം സംസ്ഥാന ട്രഷററും നടത്തി. വടക്കൻ മേഖലയിലെ വിവിധ രൂപതകളിൽനിന്നായി 120 പ്രതിനിധികൾ പങ്കെടുത്തു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വടക്കൻ മേഖല നേതൃസംഗമം
12:43 AM Feb 01, 2023 | Deepika.com