കൊച്ചി: ഗോശ്രീ ദ്വീപ് വികസന അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജിഡ ചാത്യാത്ത് റോഡില്‍ വാഹന പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള മേഖലകളില്‍ ഇന്നുമുതല്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രഭാത സവാരി കണക്കിലെടുത്ത് രാവിലെ നാല് മുതല്‍ എട്ടു വരെ പാര്‍ക്കിംഗ് അനുവദിക്കില്ല.
സൈഡ് റോഡിന്റെ നിശ്ചിത ഭാഗങ്ങളില്‍ ഒരു വരിയായി മാത്രം കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും തടസമില്ലാത്ത രീതിയിലാണ് പാര്‍ക്കിംഗ് ക്രമീകരിക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് രൂപ, കാര്‍/ ഓട്ടോറിക്ഷ പത്ത് , ട്രക്ക്/മിനി ലോറി 20 , ബസ്/ലോറി 50 , ജെസിബി / മിനി എസ്കവേറ്റര്‍ – 75 , കണ്ടെയ്നര്‍ 100 എന്നിങ്ങനെയാണ് ഫീസ് നിരക്ക്.
നിലവില്‍ ഗതാഗത നിയമത്തിന് വിരുദ്ധമായി പ്രധാന റോഡിനോടു ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗതതടസം, അപകടങ്ങള്‍ എന്നിവ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിഡ റോഡിലെ പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനും ഫ്ളാറ്റുകളോട് ചേര്‍ന്നുള്ള സൈഡ് റോഡിന്റെ മധ്യത്തിലും രണ്ട് അറ്റങ്ങളിലായും പാര്‍ക്കിംഗ് നിശ്ചയിച്ച് ഫീസ് പിരിക്കാന്‍ ഡിസംബര്‍ 13ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അടിസ്ഥാന ചെലവുകള്‍ നിര്‍വഹിക്കുന്നതിന് മാത്രം ഉദ്ദേശിച്ചാണ് തുച്ഛമായ ഫീസ് ഈടാക്കുന്നതെന്നും ജിഡ വ്യക്തമാക്കി.
ചാത്യാത്ത് റോഡില്‍ ഇന്നു മുതല്‍ പാര്‍ക്കിംഗിന് ഫീസ്
12:11 AM Feb 01, 2023 | Deepika.com