വൈപ്പിൻ: വലിയ റോ റോ ജങ്കാറായ ആദിശങ്കരയുടെ വൈപ്പിനിൽ നിന്നുള്ള സർവീസിനു വില്ലനാകുന്നത് വൈപ്പിൻ റോ-റോ ജെട്ടിയിലെ ഡോൾഫിൻ മൂറിംഗ്. ചെറിയ ജങ്കാറുകൾക്ക് സുരക്ഷിതമായി തീരത്ത് അടുപ്പിക്കുന്നതിനും കെട്ടിനിർത്തുന്നതിനുമായി നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളാണിവ. ഇത് പൊളിച്ചു നീക്കുകയോ പകരം സംവിധാനം ഒരുക്കുകയോ ചെയ്താൽ ആദിശങ്കര അനായാസേന വൈപ്പിൻ ജെട്ടിയിൽ അടുപ്പിക്കാനാകുമെന്നും ഈ റൂട്ടിലെ യാത്രാദുരിതം കുറയ്ക്കാൻ കഴിയുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അല്ലാതെ ഈ ജങ്കാർ ബോൾഗാട്ടിയിൽനിന്നു സർവീസ് നടത്തിയിട്ടു കാര്യമില്ലെന്നും ഇവർ പറയുന്നു.
ഫോർട്ടുകൊച്ചി- വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിവന്ന രണ്ടു റോ റോ ജങ്കാറുകളിൽ ഒന്നായ സേതുസാഗർ-1 കഴിഞ്ഞ നവംബർ 13 മുതൽ യന്ത്രത്തകരാർമൂലം സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതുമൂലം ഒരു ജങ്കാർ മാത്രമാണ് ഇപ്പോൾ സർവ്വീസിനുള്ളത്. തകരാറിലായ ജങ്കാറിന്റെ അറ്റകുറ്റപണിയും ഫിറ്റ്നസ് ജോലികളും അനന്തമായി നീളുന്നതിനാൽ ഇവിടെ യാത്രാദുരിതും പതിന്മടങ്ങാണ്. ഇത് പരിഹരിക്കാൻ ആദിശങ്കര എന്ന വലിയ റോ റോ ജങ്കാർ ബോൾഗാട്ടിയിൽനിന്നു ഫോർട്ടുകൊച്ചിയിലേക്ക് സർവീസ് നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് വൈപ്പിനിൽ ആദിശങ്കര റോ റോ അടുപ്പിക്കാനുള്ള സംവിധാനമൊരുക്കുവാൻ നഗരസഭ തയാറാകണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി, സെക്രട്ടറി ജെയിംസ് തറമേൽ എന്നിവർ നിവേദനത്തിലൂടെ മേയറോട് ആവശ്യപ്പെട്ടത്.
വൈപ്പിൻ സർവീസിനു വില്ലനായി ഡോൾഫിൻ മൂറിംഗ്
12:11 AM Feb 01, 2023 | Deepika.com