ആരക്കുഴ: പണ്ടപ്പിള്ളിയിൽ കഴിഞ്ഞ ദിവസം തകർന്ന എംവിഐപി കനാലിന്റെ നിർമാണം വേഗത്തിലാക്കണമെന്ന് കിസാൻ സഭ മാറാടി പ്രാദേശിക സഭ സമ്മേളനം ആവശ്യപ്പെട്ടു. കനാൽ തകർന്നതോടെ മാറാടി പഞ്ചായത്തിലേക്കുള്ള ജലവിതരണം മുടങ്ങിയിരിക്കുകയാണ്. വേനൽ കനത്തതോടെ പ്രദേശത്തെ ഹെക്ടർ കണക്കിന് നെൽകൃഷിയും പച്ചക്കറി കൃഷി, തെങ്ങ്, ജാതി, വാഴ, പൈനാപ്പിൾ തുടങ്ങിയ കൃഷികൾ ഉണങ്ങി പോകുമെന്ന ആശങ്കയിലാണ് കർഷകർ. കനാൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വെള്ളം തുറന്നു വിടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാറാടി പി.വി. അബ്രാഹം സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. സൂരജ് പി. അബ്രാഹം അധ്യക്ഷത വഹിച്ചു.
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം, ജില്ലാ കമ്മിറ്റിയംഗം ഒ.സി. ഏലിയാസ്, മണ്ഡലം കമ്മിറ്റിയംഗം സി.സി. ജോയി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രിൻസ് ആനിക്കാട് (പ്രസിഡന്റ്), സുധീപ് പാലമൂട്ടിൽ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പണ്ടപ്പിള്ളിയിൽ തകർന്ന കനാൽ നിർമാണം വേഗത്തിലാക്കണം
12:11 AM Feb 01, 2023 | Deepika.com