കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സുവർണ ജൂബിലി നിറവിന്റെ ഭാഗമായി മുഖച്ചായ മാറുന്നു. 49000 സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ച ഗോൾഡൻ ജൂബിലി ബ്ലോക്ക് "ആട്രിയ’ത്തിന്റെ കൂദാശ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോലഞ്ചേരി മെഡിക്കൽ മിഷൻ പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തും. ആശുപത്രി വൈസ് പ്രസിഡന്റ് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരാകും.
പുതിയ ബ്ലോക്കിൽ രജിസ്ട്രേഷൻ, അത്യാഹിത വിഭാഗം, ഫാർമസി, റസ്റ്റോറന്റ് തുടങ്ങിയ വിഭാഗങ്ങൾ ഏകോപിപ്പിച്ചാണ് പ്രവർത്തനമാരംഭിക്കുന്നത്.
ആശുപത്രിയിലേക്ക് വരുന്ന രോഗികളെയും കൂടെയുള്ളവരെയും സ്വീകരിക്കുന്നതിനും രജിസ്ട്രേഷൻ പ്രക്രിയ നടത്തുന്നതിനും അന്വേഷണങ്ങൾക്കുമായി പ്രത്യേകം കൗണ്ടറുകൾ തുറന്നിട്ടുണ്ട്. രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാർ, പബ്ലിക് റിലേഷൻ ഓഫീസ്, ഫിനാൻഷ്യൽ കൗൺസിലേഴ്സ് എന്നിവരുടെ സേവനങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും അതിവേഗ ചികിത്സ ലഭ്യമാക്കുന്ന ഫാസ്ട്രാക്ക് ഒപിഡി, സാംക്രമിക രോഗബാധിതരെ പ്രത്യേകം ചികിത്സിക്കാനുള്ള ഐസൊലേഷൻ റൂം, വിഷബാധയേറ്റവർക്കുള്ള പ്രത്യേക ചികിത്സാ സൗകര്യങ്ങൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫാർമസിയും ഇതോടൊപ്പം പ്രവർത്തിക്കുന്നു. പേഷ്യൻസ് സെർച്ചിംഗ് രജിസ്ട്രേഷൻ എന്നിവയ്ക്ക് പ്രത്യേക കിയോസ്ക്കും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് അതിവേഗ ലബോറട്ടറി, ആംബുലൻസ് സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സുവർണ ജൂബിലിയിൽ പുതിയ മുഖവുമായി മെഡിക്കൽ മിഷൻ ആശുപത്രി
12:10 AM Feb 01, 2023 | Deepika.com