കൊച്ചി: കാഴ്ചയില്ലാത്തവര്‍ക്ക് വരുമാനം കണ്ടെത്താന്‍ കാഞ്ഞിരമറ്റം സ്വദേശിയായ ഡിസൈനര്‍ ലക്ഷ്മി മേനോന് ആവിഷ്കരിച്ച "ചൂലാല വെറും ചൂലല്ല' എന്ന ശില്പശാല ബിനാലെ സന്ദര്‍ശകര്‍ക്ക് കൗതുകവും വിസ്മയവുമായി. വിത്തുപേനയും പ്രളയകാലത്ത് ചേക്കുട്ടി പാവയും കോവിഡ് കാലത്ത് "ശയ്യ' കിടക്കയും അമ്മൂമ്മത്തിരിയുമൊക്കെയായി 16 ഓളം ആശയങ്ങള്‍ ആവിഷ്കരിച്ച ലക്ഷ്മി മേനോന്റെ മറ്റൊരു ഉദ്യമമാണ് ചൂലാലയിലുടെ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ആര്‍ട്ട്റൂമില്‍ ഒരുക്കിയിട്ടുള്ളത്.
കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡിന്റെ പോത്താനിക്കാട് ട്രെയിനിംഗ് കം പ്രൊഡക്ഷന്‍ കേന്ദ്രത്തിലെ ഒരുപറ്റം സ്ത്രീകള്‍ക്ക് എന്തെങ്കിലും വരുമാനമാര്‍ഗം ആവിഷ്കരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് ചൂലാലയുടെ തുടക്കം. ഈര്‍ക്കില്‍ കോര്‍ത്തും നെയ്തും തയാറാക്കുന്ന ചെറിയ ചൂലുകളാണ് ചൂലാല. അത് വെറും ചൂലല്ല. അലങ്കാര വസ്തുവുമാണ്.
എല്ലാ വൃത്തികേടുകളും തൂത്തുവാരുന്ന ചൂല് ഷോകേസുകളില്‍ ആലങ്കാര വസ്തുവായി മാറുന്നതാണ് ചൂലാലയിലൂടെ സംഭവിക്കുന്നത്. ബിനാലെയില്‍ ലഭിച്ച അവസരം ആ ദിശയില്‍ പ്രയോജനപ്പെടുമെന്നും അവര്‍ പറഞ്ഞു.
കാഴ്ചയില്ലാത്തവര്‍ക്ക് വരുമാനമുറപ്പാക്കാന്‍ ചൂലാല
12:08 AM Feb 01, 2023 | Deepika.com