കടുത്തുരുത്തി: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഉപകനാലില്നിന്നു വെള്ളം നിറഞ്ഞൊഴുകി സമീപ പുരയിടത്തിലെ ചെളിയും മണ്ണും റോഡില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞു. റോഡില്‍ മണ്ണും ചെളിയും നിറഞ്ഞത് അപകടാവസ്ഥയ്ക്ക് കാരണമായതോടെ പ്രദേശത്ത് ഏറേസമയം ഗതാഗത തടസവുമുണ്ടായി.
കോട്ടയം - എറണാകുളം റോഡില്‍ മാഞ്ഞൂര്‍ എല്‍പി സ്കൂളിന് സമീപം ഇന്നലെ രാവിലെ 9.15 ഓടെയാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കടുത്തുരുത്തിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി റോഡിലെ ചെളിയും മണ്ണും നീക്കം ചെയ്തു. ഇതോടെയാണ് അപകടാവസ്ഥ ഒഴിവായത്. അതിരമ്പുഴയിലേക്കുള്ള എംവിഐപി കനാലിന്റെ മാങ്ങാച്ചിറ ഭാഗത്തേക്കുള്ള ഉപകനാലിലെ വെള്ളമാണ് നിറഞ്ഞൊഴുകിയത്. വെള്ളം കനാലിനു മുകളിലൂടെ കവിഞ്ഞ് സമീപത്തെ പുരയിടത്തിലൂടെ ഒഴുകിയതിനെ തുടര്‍ന്നാണ് മണ്ണും ചെളിയും റോഡിലേക്ക് എത്തിയത്.
മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ വെള്ളം ഒഴുക്ക് തടസപ്പെട്ടതോടെയാണ് കനാല്‍ നിറഞ്ഞ് അധികജലം പുറത്തേക്ക് ഒഴുകാനിടയായതെന്ന് മാഞ്ഞൂര്‍ പഞ്ചായത്തംഗം ചാക്കോ മത്തായി പറഞ്ഞു. കനാല്‍ വൃത്തിയാക്കിയ ശേഷമാണ് സാധാരണ വെള്ളം തുറന്ന് വിടാറുള്ളത്. ഇത്തവണ ഉപകനാലിലെ മാത്രമല്ല, പ്രധാന കനാലിലെ മാലിന്യവും പലയിടത്തും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ലെന്ന ആക്ഷേപവും ശക്തമാണെന്ന് പഞ്ചായത്തംഗം ആരോപിച്ചു.
പുരയിടത്തിലെ ചെളിയും മണ്ണും റോഡില്‍ പതിച്ചു
11:24 PM Jan 31, 2023 | Deepika.com