കുറവിലങ്ങാട്: മൂന്നുനോമ്പിന്റെ പുണ്യത്തില്‍ ഭക്തസാഗരത്തിലേക്ക് വിശ്വാസനൗകയിറങ്ങി. ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന കപ്പലോട്ടത്തിനു കുറവിലങ്ങാട് പള്ളി ഒരിക്കല്‍ക്കൂടി വേദിയായി. മൂന്നുനോമ്പിന്റെ മധ്യദിനമായിരുന്ന ഇന്നലെയാണ് ഭക്തസഹസ്രങ്ങളെ പങ്കാളികളാക്കി കപ്പലോട്ടം നടന്നത്. കുറവിലങ്ങാട് മുത്തിയമ്മയുടെ തിടമ്പേറ്റി ഗജവീരന് അകമ്പടി സേവിച്ച പ്രദക്ഷിണത്തിന് ഏറ്റവും മുന്പിലായാണ് കപ്പലോട്ടം നടന്നത്.
കല്പടവുകളും മണല്‍പ്പരപ്പുകളും താണ്ടിയ കപ്പലോട്ടം ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. പാരമ്പര്യങ്ങള്‍ക്ക് പിന്‍ബലമേകി കടപ്പൂര് കരക്കാര് കപ്പല്‍ സംവഹിച്ചു. വലിയപള്ളിയില്‍ നിന്നിറങ്ങിയ കപ്പല്‍ കൊടി ഉയര്ത്തിക്കെട്ടിയതിനുപിന്നാലെ ആയിരങ്ങള്‍ ദര്‍ശിച്ചത് യോനാപ്രവാചകന്റെ നിനവേ യാത്രയുടെ ദൃശ്യവത്കരണമായിരുന്നു.
നൂറുകണക്കായ കടപ്പൂര് കരക്കാരുടെ കരങ്ങള്‍ ഒരേവേഗത്തിലും ഒരേതാളത്തിലും ഉയര്‍ന്നുതാഴുമ്പോള്‍ കപ്പല്‍യാത്രയുടെ നേരനുഭവത്തിലായിരുന്നു ആയിരങ്ങള്‍. പ്രക്ഷുബ്ധമായ കടലിന്റെ ഭാവങ്ങളെ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നതില്‍ കടപ്പൂര് കരക്കാര് വിജയിച്ചു. ആടിയുലയുന്ന കപ്പലിലേക്ക് വിതറിയ തളിര്‍വെറ്റിലകള്‍ സ്വന്തമാക്കാന്‍ വിശ്വാസികള്‍ മത്സരിക്കുന്നതും കാണാമായിരുന്നു.
കപ്പലിന്റെ ഓട്ടുകുരിശ് ചുംബനവും കുരിശിന്തറയിലെ വിശ്രമവുമൊക്കെ ഇളംതലമുറയ്ക്ക് വേറിട്ട അറിവും അനുഭവവുമായിരുന്നു. കപ്പല്‍ കുരിശിന്തൊട്ടിയിലിറങ്ങിയതോടെ മറിയുമോ എന്ന ഭീതിപോലും വിശ്വാസികളിലുണ്ടാകും വിധമായിരുന്നു കടല്‍ക്ഷോഭം സമ്മാനിച്ചത്.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയിലിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്ബാനയെതുടര്ന്നായിരുന്നു പ്രദക്ഷിണം ആരംഭിച്ചത്. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തിരുനാള്‍ സന്ദേശം നല്കി.
വിശ്വാസനൗകയിറങ്ങി, ഭക്തസാഗരത്തിലേക്ക്
11:03 PM Jan 31, 2023 | Deepika.com