കാസര്‍ഗോഡ്: ഗോത്രവാഹിനി പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ വാടക കുടിശികയുടെ ആദ്യ ഗഡു രണ്ടുദിവസത്തിനകം ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉറപ്പ്. ഇതിനായി 20 ലക്ഷം രൂപ കഴിഞ്ഞ 27നു ചേര്‍ന്ന ഡിപിസി യോഗത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ അറിയിച്ചു. രണ്ടു മാസത്തെ വാടക കുടിശികയായിരിക്കും ആദ്യഘട്ടത്തില്‍ എത്തുക. അവശേഷിക്കുന്ന മാസങ്ങളിലെ വാടക മാര്‍ച്ച് അവസാനത്തോടെ കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
മലയോരത്തെ വിദൂരമേഖലകളിലെ കോളനികളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ വാടക കുടിശ്ശിക ലഭിക്കാതായതോടെ ഓട്ടം നിര്‍ത്താനൊരുങ്ങുന്ന കാര്യം ഇന്നലെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നത്തെ ജില്ലാ പഞ്ചായത്ത് യോഗത്തിലും ഈ വാര്‍ത്ത ചര്‍ച്ചയായി.
നേരത്തേ ഗോത്രസാരഥി എന്ന പേരില്‍ പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ ആരംഭിച്ച പദ്ധതിക്ക് സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി പ്രത്യേകം ഫണ്ട് വകയിരുത്തി ഗോത്രവാഹിനി എന്ന പേരില്‍ ഈ വര്‍ഷം നടപ്പിലാക്കിയത്. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളും പദ്ധതിച്ചെലവിന്റെ നിശ്ചിത ശതമാനം വഹിക്കുമെന്ന ധാരണ ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീട് ജില്ലാ പഞ്ചായത്തിനു തന്നെ മുഴുവന്‍ ചെലവും വഹിക്കേണ്ടിവന്നു.
പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ചില സ്കൂളുകള്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ദൂരപരിധി നോക്കാതെ കൂടുതല്‍ വിദ്യാര്‍ഥികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ് ഇടക്കാലത്ത് പദ്ധതിയുടെ താളം തെറ്റിച്ചത്. ഇതോടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക പദ്ധതിക്കായി ചെലവഴിക്കേണ്ടിവന്നു.
ഉദ്യോഗസ്ഥതലത്തിലുണ്ടായ പിഴവുകളും ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷാവസാനം മറ്റു പദ്ധതികളില്‍ നിന്നും തുക വകമാറ്റിയിട്ടായാലും ഈ വര്‍ഷത്തെ മുഴുവന്‍ വാടകയും കൊടുത്തുതീര്‍ക്കുമെന്നും ഷിനോജ് ചാക്കോ അറിയിച്ചു.
"ഗോത്രവാഹിനി' നിലയ്ക്കില്ല; കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്
12:37 AM Jan 31, 2023 | Deepika.com