നെല്ലിക്കാംപൊയില്‍: തലശേരി അതിരൂപത സ്ഥാപിതമാകുന്നതിന് മുന്‍പ് രൂപംകൊണ്ട നെല്ലിക്കാംപൊയില്‍ പള്ളി കുടിയേറ്റക്കാരുടെ ഏക ആശ്രയ കേന്ദ്രമായിരുന്നുവെന്നും പ്ലാറ്റിനം ജൂബിലി നിറവിലായിരിക്കുന്ന ദേവാലയവും ഈ പ്രദേശവും ഇന്ന് ഏറെ വളര്‍ച്ച പ്രാപിച്ചിരിക്കുന്നുവെന്നും തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിക്കാംപൊയിലിന്റെ മുന്നേറ്റത്തില്‍ ദേവാലയത്തെ പോലെ തന്നെ സിഎംസി സന്യാസിനി സമൂഹത്തിനും മഹത്തരമായ സ്ഥാനമാണുള്ളത്. ആദ്യകാല കുടിയേറ്റ ജനതയ്ക്ക് ആത്മീയമായ ശക്തി നല്‍കിയത് സിഎംസി സിസ്റ്റേഴ്സാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
ഫൊറോനയിലെ വൈദികരുടെ സമൂഹബലിയോടെയാണ് ജൂബിലി ആഘോഷം ആരംഭിച്ചത്. ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന വൈദിക മന്ദിരത്തിന് മാര്‍ പാംപ്ലാനി തറക്കല്ലിട്ടു. ദേവാലയ തിരുകര്‍മങ്ങള്‍ക്ക് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി പ്രധാന കാര്‍മികത്വം വഹിച്ചു.
അസി. വികാരി ഫാ. മാത്യു കുടിലില്‍, മണിക്കടവ് പള്ളി വികാരി ഫാ.പയസ് പടിഞ്ഞാറെമുറിയില്, ഫൊറോനയിലെ മറ്റ് വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ്, ട്രസ്റ്റിമാരായ റോയി പുതിയാകുളങ്ങര, ജോസ് ചേലത്താഴത്ത്, മാത്യു വട്ടോളില്‍, ഹര്വ്വാസിസ് വലിയകുളത്തില്‍, കോ-ഓര്‍ഡിനേറ്റര്‍ ടോമി വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
നെല്ലിക്കാംപൊയില്‍ പള്ളി കുടിയേറ്റക്കാരുടെ ആശ്രയകേന്ദ്രം: മാര്‍ ജോസഫ് പാംപ്ലാനി
12:34 AM Jan 31, 2023 | Deepika.com