തലശേരി: നഗരത്തിൽ തുണിക്കട കത്തി നശിച്ചു. ലോഗൻസ് റോഡിലെ മിനർവ ബിൽഡിഗിംൽ പ്രവർത്തിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ മുഹമ്മദ് സാദിഖ്, അബ്ദുൽ ജബ്ബാർ, ഇർഫാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ന്യൂ പരാഗ് ഫാഷൻ എന്ന കടയാണ് ഞായറാഴ്ച രാത്രി കത്തി നശിച്ചത്. കടയിലെ മുഴുവൻ സാധനങ്ങളും കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സമീപത്തെ കടകളിലേക്ക് തീപടരാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.രാത്രി പതിനൊന്നരയോടെ സമീപത്തെ തയ്യൽ കടക്കാരനാണ് കടയിൽ തീ ഉയരുന്നത് കണ്ടത്. ഉടൻ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ കെ. മനോജ് കുമാർ, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിൽ തലശേരിയിലെയും പാനൂരിലെയും അഗ്നിശമന യൂണിറ്റുകൾ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതത്തിന് കാരണമെന്ന് സംശയിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സി.സി. വർഗീസ്, കെ.കെ. മൻസൂർ, പി.കെ. നിസാർ തുടങ്ങിയവർ കട സന്ദർശിച്ചു. നഷ്ടം എത്രയുണ്ടെന്ന് പരിശോധിച്ചു വരികയാണെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു.
തലശേരിയിൽ തുണിക്കട കത്തി നശിച്ചു
12:34 AM Jan 31, 2023 | Deepika.com