കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ ’കരിയർ പാത്തിന്റെ’ ആദ്യഘട്ടം പൂർത്തിയായി. ജില്ലയിലെ വിദ്യാർഥികളെ കേന്ദ്ര സർവകലാശാലകളിലേക്ക് എത്തിക്കുന്ന ’കരിയർ പാത്ത് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലയിലെ 60 ഹയർസെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ട നടപടികൾ പൂർത്തീകരിച്ചത്. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥികളുടെ സോഷ്യൽ എൻജിനിയറിംഗ് കൂട്ടായ്മയായ വീകാനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് പ്രിലിമിനറി ടെസ്റ്റ് നടത്തി ആ ടെസ്റ്റിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ഓണ്ലൈനിലും പിന്നീട് ക്ലസ്റ്റർ മാതൃകയിൽ കോച്ചിംഗ് നൽകി സർവകലാശാലകളിലേക്ക് നടക്കുന്ന എൻട്രൻസ് പരീക്ഷക്ക് തയാറാക്കാനുമാണ് കരിയർ പാത്ത് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി. നസീമ, സീത വിജയൻ, വാർഡ് അംഗമായ എം.കെ. രാമചന്ദ്രൻ, സഫയർ ഫ്യൂച്ചർ അക്കാദമി പ്രതിനിധി ജോണ് ലാൽ, പിടിഎ പ്രസിഡന്റ് ഷിജു സെബാസ്റ്റ്യൻ, സർവോദയ സ്കൂൾ ഡയറക്ടർ ബിജു ജോർജ്, സർവോദയ സ്കൂൾ പ്രിൻസിപ്പൽ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന പദ്ധതി: ‘കരിയർ പാത്തിന്റെ ’ആദ്യഘട്ടം പൂർത്തിയായി
12:00 AM Jan 31, 2023 | Deepika.com