ഉദയംപേരൂർ: റോഡിലെ മാലിന്യം നീക്കം ചെയ്ത വകയിലെ തുക സെക്രട്ടറി അനുവദിക്കുന്നില്ലെന്നു പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കുത്തിയിരുപ്പ് സമരം നടത്തിയ ഉദയംപേരൂർ പഞ്ചായത്തിൽ പ്രതിസന്ധി അവസാനിച്ചില്ല. തിങ്കളാഴ്ച ജോയിന്റ് ഡയറക്ടർ മുൻകൈയെടുത്തു നടത്തിയ ചർച്ചയിലും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ട 99,000 രൂപ അനുവദിക്കാൻ സെക്രട്ടറി തയാറായില്ല.
ഇത്രയും തുകയ്ക്കുള്ള ജോലികൾ നടന്നിട്ടില്ലെന്നും കഴിഞ്ഞ തവണ അനുവദിച്ച തുകയിൽനിന്നും കുറച്ച് 40,000 രൂപ പാസാക്കാമെന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചത്.
ഇതേത്തുടർന്ന് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നേതാക്കൾ പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു.
ഇതുമൂലം ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചു. സുരക്ഷാ ഭീഷണി മുൻനിർത്തി പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് വാഹനത്തിലാണ് വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി സെക്രട്ടറിയുടെ കാബിനു മുന്നിൽ കുത്തിയിരുപ്പ് നടത്തിയത്. സെക്രട്ടറിക്കെതിരേ പ്രസിഡന്റ് മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഉദയംപേരൂർ പഞ്ചായത്തിൽ പ്രതിസന്ധി തുടരുന്നു
11:55 PM Jan 30, 2023 | Deepika.com