കടുത്തുരുത്തി: ദീപാലംകൃതമായ പട്ടണത്തെ ഭക്തിസാഗരമാക്കി കടുത്തുരുത്തി മുത്തിയമ്മയ്ക്ക് രാജകീയമായ എഴുന്നെള്ളത്ത്. മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ചു ഫൊറോനാ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ടു നടന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ ടൗണ്‍ ഭക്തി നിര്‍വൃതിയിലായി.
രാത്രി ഏഴിന് പള്ളിയങ്കണത്തില്നിന്നുമാരംഭിച്ച പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികളുമായി പങ്കെടുത്തു. വിവിധ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നീങ്ങിയ തിരുസ്വരൂപത്തിന് മുന്നിലായി സ്ഥാനവസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും ദര്‍ശനസമൂഹം നിരയായി നീങ്ങി. പ്രദക്ഷിണം മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയിലെത്തി തിരുസ്വരൂപം പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രതിഷ്ഠിച്ചു. ഭക്തര്‍ക്ക് ദര്ശനമേകുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ മൂന്ന് നോമ്പ് തിരുനാള്‍ ദിനത്തില്‍ മാത്രമാണ് തിരുസ്വരൂപം പള്ളിക്ക് പുറത്തിറക്കുന്നത്.
ടൗണിനെ ഭക്തിസാന്ദ്രമാക്കി മെഴുകുതിരി പ്രദക്ഷിണം
11:43 PM Jan 30, 2023 | Deepika.com