കർഷകർക്ക് ആശ്വാസമായി കേരഗ്രാമം പദ്ധതി
12:39 AM Jan 30, 2023 | Deepika.com
പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖാന്തരം നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സാജു സേവ്യർ നിർവഹിച്ചു. മൂന്ന് വർഷത്തേക്കാണ് പദ്ധതി. ജൈവവള വിതരണം, തെങ്ങിന് തടമൊരുക്കൽ, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിള കൃഷി നടത്തൽ, തെങ്ങ് കയറ്റ യന്ത്രങ്ങൾ നൽകൽ, പമ്പ് സെറ്റ് നൽകൽ, രോഗംബാധിച്ച് ഉത്പാദന ക്ഷമത കുറഞ്ഞ തെങ്ങ് വെട്ടിമാറ്റുന്നതിനായുള്ള ധനസഹായം, തെങ്ങിൻ തൈ വിതരണം, ജൈവവള കമ്പോസ്റ്റ് യൂണിറ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാവും. 100 ഹെക്ടർ സ്ഥലത്ത് 17500 തെങ്ങുകൾക്കാണ് ആനുകൂല്യം. പഞ്ചായത്ത് തല സമിതിയുടെ മേൽനോട്ടത്തിൽ വാർഡ് തല സമിതികൾ മുഖേനയാണ് അപേക്ഷകൾ സ്വീകരിച്ചത്. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ വളം വിതരണ ഡിപ്പോയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, ആനിസ് നെട്ടനാനിക്കൽ, ഷീന ജോൺ, സ്നേഹാമൃത, കെ.വി. അശോക് കുമാർ, തോമസ് വെണ്ണായിപ്പള്ളിൽ പ്രസംഗിച്ചു.