ഇരിട്ടി: മാടത്തിൽ ടൗണിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ പോലീസിന്റേയും പഞ്ചായത്തി ന്റേയും നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. തലശേരി-വളവുപാറ കെഎസ്ടിപി റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ അമിതവേഗം കാരണം അപകടങ്ങൾ പതിവാകുകയും ആളുകൾ മരണമടയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പായം പഞ്ചായത്തിന്റേയും ഇരിട്ടി പോലീസിന്റേയും നാട്ടുകാരുടെയും സഹായത്താൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
ഒരാഴ്ച മുന്പ് റോഡിലെ പ്രധാന കവലയായ മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വലുതും ചെറുതുമായ പല അപകടങ്ങളും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ കൂട്ടുപുഴ റോഡിൽ മറ്റ് പലയിടങ്ങളിലും വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യമുണ്ട്. ഇതുകൂടി കണക്കിലെടുത്ത് പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പായം പഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ജനപ്രതിനിധികളും പോലീസ്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗ സ്ഥരും വ്യാപാരികളും രാഷ്ട്രീയ സംഘടന നേതാക്കളും ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളും യുവജന സംഘടന നേതാക്കളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം നടക്കുക. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ഇരിട്ടി എസ്ഐ നിബിൻ ജോയ്, വാർഡ് മെംബർ പി. സാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
മാടത്തിൽ ടൗണിൽ സ്പീഡ് ബ്രേക്കർ
12:38 AM Jan 30, 2023 | Deepika.com