പി.അഭിഷേക്
കണ്ണൂർ: കുട്ടികളെ ഇന്റർനെറ്റ് അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഡിജിറ്റൽ ഡി-അഡിക്ഷൻ (ഡി-ഡാഡ്) സെന്ററുകൾ വരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ സൈബർ ലോകം ഒരുക്കുന്നതിനുമാണ് ഡി-ഡാഡ് പദ്ധതിയുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
എസ്പിസി, ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ, ചിരി തുടങ്ങിയ ജനപ്രിയ പദ്ധതികൾക്കുശേഷം സോഷ്യൽ പോലീസിംഗ് അഡ്മിനിസ്ട്രേഷന്റെ കീഴിൽ ആവിഷ്കരിച്ചിരിക്കുന്ന ഡി-ഡാഡ് പദ്ധതി ആദ്യഘട്ടത്തിൽ ആറ് പോലീസ് ജില്ലകളിലാണ് നടപ്പാക്കുന്നത്. കുട്ടികളിലെ അമിതമായ ഇന്റർനെറ്റ് ഉപയോഗം, ഗെയിം അഡിക്ഷൻ, മാനസിക പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ് തുടങ്ങിയ അവസ്ഥകളെ ശാസ്ത്രീയമായി പരിശോധിച്ച് പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇതിനായി ഡി-ഡാഡ് സെന്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു ലക്ഷം രൂപ വീതം വിനിയോഗിച്ച് സെന്ററുകളിൽ അനുബന്ധ സജ്ജീകരണങ്ങളും പൂർത്തിയാക്കി. പൂർണമായും ശിശുസൗഹൃദ അന്തരീക്ഷത്തിൽ ഒരുക്കിയ സെന്ററുകളിൽ കൗൺസിലറുടെ സേവനം ലഭ്യമാകും. ഇതിനായി പ്രത്യേകം കൗൺസിലർമാരെയും തെരഞ്ഞെടുത്തു.
സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനോടൊപ്പം മൊബൈൽ ഫോണിലും ഇന്റർനെറ്റിലും കുടുങ്ങിക്കിടക്കുന്ന അവരുടെ മനസിനെ തിരികെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനും കൗൺസിലിംഗിലൂടെ സാധിക്കും. ലോകാരോഗ്യ സംഘടന നിർദേശിച്ച രീതിയിലുള്ള ശാസ്ത്രീയമായ ഇടപെടലുകളാണ് കുട്ടികളിൽ നടത്തുക. കൗൺസിലിംഗ് വഴി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും തേടും. സ്വകാര്യത കണക്കിലെടുത്ത് കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയില്ല.
സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം തിരിച്ചറിയുന്നതിനായി രക്ഷിതാക്കളെയും പ്രാപ്തരാക്കും. ഇതിനായി ‘ഡി- സേഫ്’ ടൂൾ കിറ്റുകളും ഒരുക്കിയിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വഴിയാണ് പദ്ധതിയുടെ പ്രചാരണം നടത്തുന്നത്. സ്കൂളുകളിൽ ബോധവത്കരണപരിപാടികളും സംഘടിപ്പിക്കും. കൗൺസിലറെ കൂടാതെ ഒരു കോ-ഓർഡിനേറ്റർ കൂടി ഡി-ഡാഡ് സെന്ററുകളിലുണ്ടാകും. സെന്ററും മറ്റു സർക്കാർ വകുപ്പുകളും തമ്മിലുള്ള ആശയവിനിമയം അതത് ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ വഴിയായിരിക്കും. സോഷ്യൽ പോലീസിംഗ് അഡ്മിനിസ്ട്രേഷൻ നോഡൽ ഓഫീസർമാരായ എഎസ്പിമാർക്കുതന്നെയാണ് ജില്ലകളിൽ പദ്ധതിയുടെ ചുമതല.
കുട്ടികൾക്കായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ
12:38 AM Jan 30, 2023 | Deepika.com