പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ
12:29 AM Jan 30, 2023 | Deepika.com
മൂവാറ്റുപുഴ: പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം മരുന്നുകളും മറ്റ് സാധനങ്ങളും ഉപയോഗശൂന്യമാകുന്നു. ലക്ഷക്കണക്കിന് വിലയുള്ള മരുന്നുകളാണ് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാതെ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമാകുന്നതെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സർക്കാർ ആശുപത്രികളിലെ മരുന്നുകൾ കാലാവധി തീരുന്നതിന് അഞ്ച് മാസം മുൻപേ ഷോർട്ട് എക്സ്പയറി ലിസ്റ്റിലിട്ട് മരുന്നുകൾ ആവശ്യമുള്ള മറ്റ് സർക്കാർ ആശുപത്രികൾക്ക് കൊടുക്കാമെന്നിരിക്കെ അതൊന്നും ചെയ്യാതെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും വാങ്ങിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമാകേണ്ട മരുന്നുകൾ നശിച്ചുപോകാൻ കാരണക്കാരായ ഉദ്യോഗസ്ഥകർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹൻ ആവശ്യപ്പെട്ടു.