വൈപ്പിൻ: സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷത്തേതു പോലെ ഇക്കുറിയും നായരമ്പലം പരമു ആശാൻ സ്മാരക കളരിയിലെ ഹരിഹരൻ ഗുരുക്കളും ശിഷ്യരും മെഡലുകൾ വാരിക്കൂട്ടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിലാണ് ഇവർ ജില്ലയുടെ മാനം കാത്തത്. 12 ജില്ലകൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ ജില്ല ഒന്നാമതെത്തിയപ്പോൾ ഹരിഹരൻ ഗുരുക്കളും ശിഷ്യരും ചാന്പ്യൻപട്ടം കരസ്ഥമാക്കി.
മെയ്പ്പയറ്റ്, വാളും പരിചയും, നെടുവടി പയറ്റ്, ഉറുമി വീശൽ എന്നീ നാല് ഇനങ്ങളിലും സ്വർണ മെഡൽ കരസ്ഥമാക്കി കെ.എച്ച്. അർജുൻ, അരുൺ കെ. സുനിൽ എന്നിവർ സീനിയർ വിഭാഗത്തിൽ ഈ വർഷവും ആധിപത്യം നിലനിർത്തി.
വിഷ്ണു പ്രിയ, വിഷ്ണു പ്രഭ സഹോദരങ്ങൾ സീനിയർ ഗേൾസ് വിഭാഗത്തിലെ വാളും പരിചയും ഇനത്തിൽ സ്വർണമെഡലും, നെടുവടി പയറ്റിൽ വെങ്കലവും കരസ്ഥമാക്കി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
സബ് ജൂണിയർ വിഭാഗത്തിൽ ഐശ്വര്യ മനോജ് സ്വർണ മെഡൽ സ്വന്തമാക്കി.
സൂപ്പർ സീനിയർ വിഭാഗത്തിൽ സി.എ. അമൽ വെള്ളിയും, സബ് ജൂണിയർ വിഭാഗത്തിൽ വെങ്കലവും നേടി. കഴിഞ്ഞ 23 വർഷമായി നായരമ്പലത്തു കളരിപ്പയറ്റ് പരിശീലിപ്പിക്കുന്ന ഹരിഹരൻ ഗുരുക്കൾ ഇപ്പോൾ പറവൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും കളരിപ്പയറ്റ് പരിശീലിപ്പിക്കുന്നുണ്ട്.
മെഡലുകൾ വാരിക്കൂട്ടി ഹരിഹരൻ ഗുരുക്കളുടെ ശിഷ്യർ
12:25 AM Jan 30, 2023 | Deepika.com