കുറവിലങ്ങാട്: സ്തുതിഗീതങ്ങളും പ്രാര്‍ഥനകളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി.
അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ഉപവാസത്തിന്റെയും ചിന്തകളും പ്രവൃത്തികളും സമ്മാനിക്കുന്ന മൂന്ന് രാപകലുകള്‍ ഇനി മുത്തിയമ്മയുടെ മക്കള്‍ക്ക് സ്വന്തം.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ തിരുനാളിന് കൊടിയേറ്റി. സീനിയര്‍ അസി. വികാരി റവ. ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, അസി. വികാരിമാരായ ഫാ. ജോസഫ് ആലാനിക്കല്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ദേവമാതാ കോളജ് വൈസ്പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, ഫാ. ജോസ് കുഴിഞ്ഞാലില്‍, ഫാ. മാത്യു കാടന്‍കാവില്‍, ഫാ. ബിജി കുടുക്കാതടത്തില്, ഫാ. ജയ്സണ്‍ പെരുമ്പള്ളിഓലിക്കല്, ഫാ. ജോബി വെള്ളപ്ലാക്കീല് എന്നിവര്‍ സഹകാര്‍മികരായി.
എല്ലാവഴികളും
കുറവിലങ്ങാട്ടേക്ക്
കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറിയതോടെ നാടിന്റെ നാനാദിക്കുകളില്‍നിന്നു വിശ്വാസികളുടെ പ്രവാഹം മുത്തിയമ്മയുടെ സന്നിധിയിലേക്ക്.
നാനാജാതിമതസ്ഥരായ ആയിരങ്ങളാണ് ഇന്നലെ മുത്തിയമ്മയ്ക്കരുകിലെത്തിയത്.
നേരം പുലരുന്നതിനുമുന്പേ തുടങ്ങിയ ഭക്തജനപ്രവാഹം ഇന്നലെ രാവേറിയിട്ടും അവസാനിച്ചിരുന്നില്ല. പ്രധാനതിരുനാള് ദിനങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാട് വിശ്വാസസാഗരമായി മാറും.
കപ്പല്‍പ്രദക്ഷിണം നാളെ
കുറവിലങ്ങാട്: മൂന്ന് നോമ്പിന്റെ പ്രധാനദിനമായ നാളെയാണ് കപ്പലോട്ടത്തിന് നാട് ആതിഥ്യമരുളുന്നത്.
പാരമ്പര്യവിശ്വാസങ്ങള്ക്ക് പിന്‍ബലമേകി കടപ്പൂര് നിവാസികളാണ് കപ്പല്‍ സംവഹിക്കുന്നത്. യോനാപ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പല്‍പ്രദക്ഷിണം ആയിരങ്ങള്‍ക്ക് പുത്തന്‍ ആത്മീയത സമ്മാനിക്കും. നാളെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പല്‍ പ്രദക്ഷിണത്തിന് തുടക്കമാകുക. ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും പശ്ചാത്താപത്തിന്റെയും നേരനുഭവം സമ്മാനിക്കുന്ന കപ്പല്‍ പ്രദക്ഷിണവും ആന അകമ്പടിയുള്ള പ്രദക്ഷിണവും കുറവിലങ്ങാടിന്റെ മാത്രം പ്രത്യേകതയാണ്.
കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിനു കൊടിയേറി
11:49 PM Jan 29, 2023 | Deepika.com