തിരുവനന്തപുരം: കാൻസർ ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിത ശൈലിയിലേക്കു മനുഷ്യരെ എത്തിക്കേണ്ടത് ഏറ്റവും പ്രാധാന്യം അർഹിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി.ആർസിസിയിൽ പ്രവർത്തിക്കുന്ന ആശ്രയ എന്ന സ്ത്രീകളുടെ സന്നദ്ധ സംഘടനയുടെ രജതജൂബിലി വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘടാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെള്ളയന്പലം ടി.എസ്. ഹാളിലായിരുന്നു ചടങ്ങ്. വരുന്ന ജൂണിൽ 27 വർഷം തികയുന്ന ആശ്രയയുടെ രജതജൂബിലി ആഘോഷം കൊറോണ മഹാമാരി കാരണം മാറ്റിവച്ചിരുന്നു. ഇക്കാലഘട്ടത്തിൽ കരുണയും നന്മയുമുള്ള നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്നതും വളരെ പ്രധാനമാണ് എന്ന് വി.പി. ജോയി പറഞ്ഞു.ആശ്രയ യിലെ അംഗങ്ങളുടെ സേവന പ്രവർത്തനത്തെ പരാമർശിച്ച ചീഫ് സെക്രട്ടറി മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം ഞാൻ പൊഴിക്കേ...എന്ന് തുടങ്ങുന്ന മഹാകവി അക്കിത്തത്തിന്റെ വരികൾ ചൊല്ലി.
മനുഷ്യന്റെ യാതനകൾ കാണുക എന്നതാണ് തന്നെ ഏറ്റവും ഭയപ്പെടുത്തുന്നത് എന്ന് മുഖ്യപ്രഭാഷണത്തിൽ തിരുവനന്തപുരം മേഖല ഡിഐജി ആർ. നിശാന്തിനി പറഞ്ഞു.1996 - ൽ ആശ്രയ്ക്കു തുടക്കം കുറിച്ച കാലത്തെ അനുഭവനങ്ങൾ പ്രസിഡന്റ് ശാന്താ ജോസ് പങ്കുവച്ചു.
കാൻസർ ചികിത്സാച്ചെലവ് നേരിടാൻ ആകാതെ നട്ടം തിരിയുന്ന രോഗികളെയും കുടുംബങ്ങളെയും വീട് ജപ്തി ഭീഷണി നേരിടുന്ന വരേയും കാൻസർ വന്ന് മരണപ്പെട്ട അമ്മയെ പുതപ്പിക്കുവാൻ ഒരു വെള്ളത്തുണി പോലുമില്ലാതെ ഓടി നടക്കുന്നവരെയും അന്ന് കണ്ടിരുന്നു. തുടക്കക്കാലം മുതൽ അശ്രയയിൽ നിസ്വാർഥമായ സേവനം നടത്തുന്ന അംഗങ്ങളുടെയും ആർസിസിയിലെ ഡയറക്ടർമാരുടെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിരവധി മനുഷ്യ സ്നേഹികളുടെയും സഹായവും പിന്തുണയുമാണ് ആശ്രയയുടെ വിജയത്തിനു പിന്നിൽ - ശാന്താ ജോസ് പറഞ്ഞു. ആർസിസി അഡീഷണൽ ഡയറക്ടർ ഡോ.എ. സജീദ്, മുൻ അഡീഷണൽ ഡയറക്ടർ കുസുമ കുമാരി എന്നിവർ പ്രഭാഷണം നടത്തി.
2022 ലെ സുവനീറിന്റെ പ്രകാശനം ഡിഐജി നിശാന്തിനി നിർവഹിച്ചു.ആശ്രയ സെക്രട്ടറി പ്രഭാ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ആശ്രയ രക്ഷാധികാരിയുമായ ജെ. ലളിതാംബിക സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മോളി അഗസ്റ്റിൻ നന്ദി പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലി അനിവാര്യം: വി.പി. ജോയി
11:17 PM Jan 29, 2023 | Deepika.com