ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: വനിതാ സംരംഭക പദ്ധതിയിൽ മിന്നിത്തിളങ്ങി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്. വനിതകളിൽ സംരംഭകത്തിനും വരുമാനത്തിനും പുതിയയൊരു സംസ്കാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ ഗ്രാമീണ സംരംഭകത്വ വികസന പദ്ധതി (എസ്വിഇപി)യിലൂടെയാണ് തൈക്കാട്ടുശേരി ബ്ലോക്ക് അഭിമാനനേട്ടം കൈവരിച്ചത്.
അയല്‍ക്കൂട്ടത്തിൽ അംഗങ്ങളായ വനിതകള്‍ക്കു തൊഴിലും വരുമാനവും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം(എസ്വിഇപി) ജില്ലയിൽ ആദ്യം നടപ്പിലാക്കിയതു തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലായിരുന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് നൽകാൻ ലക്ഷ്യമിട്ട വായ്പയിലും ആരംഭിക്കാൻ ലക്ഷ്യമിട്ട യൂണിറ്റുകളിലും നൂറു ശതമാനം എന്ന ലക്ഷ്യവും കടന്നു ജില്ലയിൽ ഒന്നാം സ്ഥാനം നേടി മുന്നോട്ടുപോവുകയാണ് ബ്ലോക്ക് പഞ്ചായത്ത്.
പ്രാദേശിക വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗ്രാമീണ ഉത്പന്നങ്ങളുടെ ഉത്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 1,561 സംരംഭങ്ങളായിരുന്നു തൈക്കാട്ടുശേരി ബ്ലോക്ക് ലക്ഷ്യമിട്ടത്. എന്നാൽ, 1609 സംരംഭങ്ങൾ നടപ്പിലാക്കി. കൃഷി, മൃഗസംരക്ഷണം എന്നീ രണ്ടു മേഖലകളിലൊഴികെ നോണ്‍ ഫാം മേഖലയില്‍ നിശ്ചിത എണ്ണം സംരംഭങ്ങള്‍ രൂപീകരിക്കാൻ ധനസഹായവും പിന്തുണയുമാണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ നാലു വര്ഷങ്ങള്ക്കൊണ്ടു നൽകുന്നത്.
പദ്ധതി തുടക്കം
മൈക്രോ എന്റര്‍പ്രൈസ് കണ്സള്ട്ടന്റുമാർക്കു (എംഇസി) നിയമനവും പരിശീലനവും നല്കി. ഇതിനായ പദ്ധതിയുടെ മേല്‍നോട്ടം നടത്താനും നേതൃത്വം നല്‍കാനും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷൻ (ബിഎന്‍എസ്ഇപി) രൂപീകരിച്ചു. സൊസൈറ്റി ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനെടുത്തു. ബ്ലോക്ക് തലത്തില്‍ സഹായം നൽകാൻ ബ്ലോക്ക് റിസോഴ്സ് സെന്റർ (ബിആര്‍സി) രൂപീകരിച്ചു.
100 ശതമാനം
കടന്ന വഴി
ആദ്യഘട്ടത്തിൽ വ്യക്തിഗത വായ്പ 50,000 രൂപയും ഗ്രൂപ്പുകൾക്ക് 1,00,000 രൂപയുമാണ് നൽകിയത്. തിരിച്ചടവ് കൃത്യമായിരുന്നതിനാൽ കൂടുതൽ പേർക്കു വായ്പ നൽകി. 2018ൽ ആരംഭം കുറിച്ച് 2023ൽ എത്തിയപ്പോൾ 1,561 എന്ന ലക്ഷ്യം മറികടന്ന് 1,609ൽ എത്തി.1311 സംരംഭകർക്ക് 5,50,81,500 രൂപ വായ്പയായി നൽകി.
വനിതാ സംരംഭത്തിൽ മിന്നി തൈക്കാട്ടുശേരി
09:43 PM Jan 29, 2023 | Deepika.com