മംഗലംഡാം : കോടികൾ ചെലവഴിച്ച് നവീകരിച്ച മംഗലംഡാം ഉദ്യാനം വിനോദ സഞ്ചാരികളെ ആകർഷിക്കുംവിധം സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മംഗലം ഡാം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
നവീകരണ പ്രവർത്തനങ്ങൾക്ക് വിവിധ ഘട്ടങ്ങളിലായി 10 കോടി രൂപയോളം ചെലവഴിച്ചെങ്കിലും നിർമാണത്തിലെ പോരായ്മകളും പരിപാലനത്തിലെ വീഴ്ചയും മംഗലംഡാം ഉദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറയാൻ കാരണമായിട്ടുണ്ട്.
ചപ്പുചവറും പൊന്തക്കാടുകളും നിറഞ്ഞ പരിസരം സഞ്ചാരികളുടെ മനം മടുപ്പിക്കുന്നതാണ്. കൂടാതെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉദ്യാനത്തെ മറയാക്കുന്നതായും ആക്ഷേപമുണ്ട്.
മംഗലംഡാമിന്റെ സമഗ്രവികസനത്തിന് വലിയൊരു പങ്ക് വഹിക്കാൻ കഴിയുന്ന ടൂറിസ്റ്റ് മേഖലയെ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് വ്യാപാര ഭവനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഷാജി വർക്കി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി. അബ്ബാസ്, ട്രഷറർ ബെന്നി ജോർജ് , സി.ജെ. അന്തോണി, കെ.ടി. സണ്ണി, വി.കെ. പൗലോസ്, എസ്. അലി, ഗോപകുമാർ, കെ.എം. മുഹമ്മദ്, അൻവർ സാദിക് എന്നിവർ പ്രസംഗിച്ചു.
മംഗലംഡാം ഉദ്യാനം സംരക്ഷിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
12:48 AM Jan 29, 2023 | Deepika.com