കാസര്‍ഗോഡ്: പരപ്പ മേഖലയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന 309 പട്ടികവര്‍ഗക്കാരുടെ വിവരങ്ങള്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ക്ക് നല്കിയിട്ടുള്ളതായി പരപ്പ പട്ടികവര്‍ഗ വികസന ഓഫീസര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 245 പേര് സര്‍ക്കാര്‍ പുറമ്പോക്കിലാണ്.
മറ്റുള്ളവര്‍ക്ക് കുടുംബത്തില്‍ ഭാഗപത്രം ലഭിക്കാത്തതിനാല്‍ ആണ് ഭൂമിയില്ലാത്തത്. അതിദരിദ്രരായ, ഭൂമിയില്ലാത്ത ഭവനരഹിതരായ പട്ടികവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ നിര്‍ദേശിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് പട്ടയം അനുവദിക്കുമ്പോള്‍ 15സെന്റായി നിജപ്പെടുത്തേണ്ടതില്ലെന്നും 2011 ലെ സര്‍ക്കുലറില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. കാസര്‍ഗോഡ്, എന്മകജെ, നീലേശ്വരം പട്ടികവര്‍ഗ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള പട്ടയം ഇല്ലാത്തവരുടെ പേര് വിവരം പ്രമോട്ടര്‍മാരുടെ സഹായത്തോടെ ശേഖരിച്ച് 700 പേരുടെ വിവരങ്ങള്‍ താലൂക്ക് തിരിച്ച് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് അയച്ചതായി കാസര്‍ഗോഡ് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ ഭൂരഹിത ഭവനരഹിത പട്ടികവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടയ വിതരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഫെബ്രുവരി നാലിന് പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ വിവിധ കോളനികളില്‍ സന്ദര്‍ശിച്ച് നിശ്ചിത മാതൃകയില്‍ പട്ടയത്തിനുവേണ്ടിയുള്ള ഭൂരഹിതരുടെ അപേക്ഷകള്‍ ശേഖരിച്ച് തഹസില്‍ദാര്‍മാര്‍ക്ക് കൈമാറേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍ദേശം നല്കി. നീലേശ്വരം എടത്തോട് റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കക്ഷികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമായ ആറു കോടി രൂപ 76 കേസുകളില്‍ ഫെബ്രുവരി 16, 17 തീയതികളില്‍ വിതരണം ചെയ്യും. ഇതിനു പുറമേ ആവശ്യമുള്ള 5.50 കോടി രൂപ ലഭിക്കുന്നതിന് കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കിയതായും ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) അറിയിച്ചു.
കെഎസ്ആര്‍ടിസി
സര്‍വീസുകള്‍
പുനരാരംഭിക്കും
മാര്‍ച്ചില്‍ സംസ്ഥാനത്ത് 300 പുതിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ കൂടി വരുന്നതോടെ ജില്ലയില്‍ മുടങ്ങിയ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് കെഎസ്ആടിസി ഡിപ്പോ മാനേജര്‍ പറഞ്ഞു. നിലവിലുള്ള സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ജില്ലയിലേക്ക് അനുവദിച്ചു കിട്ടിയാല്‍ മുടങ്ങിയിരിക്കുന്ന 30 ബസുകളുടെ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിച്ചു.
പൊയിനാച്ചിയില്‍
അടിപ്പാത നിര്‍മിക്കണം
ദേശീയപാത നിര്‍മ്മാണം സംബന്ധിച്ച് പൊയിനാച്ചി ജംഗ്ഷനിലെ നാട്ടുകാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും പുല്ലൂര്‍ വില്ലേജില്‍ ചാലിങ്കാല്‍ മൊട്ടയില്‍ സ്ഥലം വിട്ടു നല്കിയ പത്തിലധികം കുടുംബങ്ങളുടെ സഞ്ചാരമാര്‍ഗം തടസപ്പെട്ടത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. പൊയിനാച്ചി ടൗണില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതുപോലെ പൊയിനാച്ചി - ബന്തടുക്ക റോഡ് ജംഗ്ഷനില്‍ അടിപ്പാത നിര്‍മിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് റീജ്യണല്‍ ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സമരം നടത്തുന്ന നാട്ടുകാരുമായി ചര്‍ച്ച ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പരപ്പച്ചാല്‍ പാലത്തിന്
കൈവരി വേണം
വെസ്റ്റ് - എളേരി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അതിര്‍ത്തിയില്‍ പരപ്പച്ചാല്‍ പാലത്തിന്റെ അപകടത്തില്‍ തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ 11 ലക്ഷം രൂപ അനുവദിക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.കോളിച്ചാല്‍ -ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞുപോയ ഭാഗം പുനര്‍നിര്‍മിക്കുന്നതിന്റെ പുരോഗതി പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം വിളിക്കണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.
പരപ്പയില്‍ 309 പട്ടികവര്‍ഗക്കാര്‍ പുറമ്പോക്കില്‍
12:27 AM Jan 29, 2023 | Deepika.com