പെരുമ്പടവ്: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി അവാർഡ്. 2019-20 സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയോട് യോജിച്ച് തൊഴിലുറപ്പ് പദ്ധതി കൂടി സംയോജിപ്പിച്ച് മിയാവാക്കി മാതൃകയിൽ എരമത്തപ്പൻ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 20 സെന്റ് ഭൂമിയിൽ 400 ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിച്ചുപോരുന്നു. കൂടാതെ നക്ഷത്ര വനം എന്ന പേരിൽ ജന്മനക്ഷത്രങ്ങളുമായി ബന്ധപ്പെട്ട മരങ്ങൾ കൂടി നട്ടുവളർത്തി പരിപാലിക്കുന്നുമുണ്ട്.
വെള്ളോറ ചുഴലി അമ്പലം പരിസരത്ത് ദേവഹരിതം ചെക്കിവനം എന്ന പേരിൽ വിവിധതരത്തിലുള്ള ചെക്കികൾ സംരക്ഷിക്കുന്നതിനും ഒരു പൂന്തോട്ടം തന്നെ നിർമിക്കുന്നതിനും ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഞ്ചായത്തിലെ കരിപ്പാൽ എസ്വി യുപി സ്കൂളിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ വനം എന്ന പേരിൽ വിവിധ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നു. കൂടാതെ സ്കൂൾ പരിസരത്ത് തന്നെ വിവിധ പച്ചക്കറി തോട്ടങ്ങളും നിർമിച്ച് സ്കൂളിന്റെ അന്തരീക്ഷം മാറ്റി നല്ലൊരു പച്ചപ്പ് സൃഷ്ടിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
കൂടാതെ പഞ്ചായത്തിനകത്തെ വിവിധ സ്കൂളുകളിൽ മിയാവാക്കി മാതൃകയിൽ ചെറിയ ചെറിയ വനങ്ങൾ നട്ടുപിടിപ്പിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എടുത്തു പറയത്തക്ക പദ്ധതിയാണ് മാതമംഗലം ചേനോത്ത് വയലിൽ സ്ഥാപിച്ചിട്ടുള്ള പുനർനവ ഔഷധസസ്യ പാർക്ക്. അന്യനിന്നു പോകുന്ന വിവിധതരത്തിലുള്ള ഔഷധസസ്യങ്ങളെ നട്ടുപിടിപ്പിച്ച് അവയെ സംരക്ഷിക്കുക എന്ന ഉദ്ദേശിച്ചിട്ടാണ് പുനർനവ ഔഷധ പാർക്ക് നിർമിച്ചിട്ടുള്ളത്.
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന അവാർഡ് നിറവിൽ
12:24 AM Jan 29, 2023 | Deepika.com