തിരുമാറാടി: തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് എംവിഐപി കനാലിൽ ചോർച്ച കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള ഇടതുകര കനാലിന്റെ നാലാം വാർഡിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ചോർച്ച. കനാലിന്റെ വശങ്ങളിൽ ബണ്ട് നിർമിച്ചിരിക്കുന്ന കരിങ്കൽ ഭിത്തിക്കിടയിൽനിന്നാണ് വെള്ളം ചോർന്നൊലിക്കുന്നത്. കനാലിനു സമീപത്തെ ചേലാമറ്റത്തിൽത്താഴം ഭാഗത്തുള്ള നിരവധി വീടുകളുടെ പരിസരങ്ങളും റോഡും ഇതിനകം വെള്ളത്തിലായി. കനാലിലെ വെള്ളം ചോർന്നതോടെ സമീപത്തെ വീടുകളിലെ കിണർ നിറഞ്ഞുനിറഞ്ഞ നിലയിലാണ്. വീട്ടുമുറ്റത്ത് നടക്കാൻപോലും കഴിയാത്ത വിധം വെള്ളവും ചെളിയും നിറഞ്ഞുകഴിഞ്ഞു.
വർഷങ്ങൾക്കു മുമ്പ് ചോർച്ച കണ്ടെത്തിയ സ്ഥലത്തിനു സമീപം കനാൽ ഇടിഞ്ഞിരുന്നു. തക്ക സമയത്ത് മെയിലൻസ് നടന്നതിനാൽ വലിയ അപകടങ്ങൾ ഉണ്ടാകാതെ അന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പണ്ടപ്പള്ളിയിൽ കനാൽപൊട്ടി ഉണ്ടായ അപകടത്തെത്തുടർന്ന് പ്രദേശവാസികൾ ഏറെ ഭീതിയിലാണ്.
എത്രയും പെട്ടെന്ന് എംവിഐപി അധികൃതർ വിഷയത്തിൽ ഇടപെട്ട് ചോർച്ച പരിഹരിക്കുന്നതിനും കനാലിന്റെ ബലക്ഷയം പരിശോധിക്കണമെന്നുമാണ് സമീപവാസികളുടെ ആവശ്യം.
എംവിഐപി കനാലിൽ ചോർച്ച
12:12 AM Jan 29, 2023 | Deepika.com