കാൽവരിമൗണ്ട്: ജില്ലയുടെ അന്‍പതാം വാർഷികത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗണ്‍സിലും ചേർന്നു നടത്തിയ 56 കിലോമീറ്റർ ദൈർഘ്യമുള്ള റണ്‍ മാരത്തണും കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച സൈക്കിൾ മാരത്തണും കാൽവരിമൗണ്ട് കായിക പ്രതിഭാ സംഗമനഗരിയിൽ സമാപിച്ചു.
ഇന്നലെ രാവിലെ മൂന്നാറിൽ റണ്‍ മാരത്തണ്‍ എ. രാജ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. അറുപതോളം പേർ റണ്‍ മാരത്തണിൽ പങ്കെടുത്തു. സജിത്ത് കുമളി ഒന്നാമതായും മുഹമ്മദ് ആദിൽ കോഴിക്കോട് രണ്ടാമതായും അബ്ദുൾ മുനീർ കോഴിക്കോട് മൂന്നാമതായും റണ്‍ മാരത്തണിൽ ഫിനിഷ് ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽനിന്നാരംഭിച്ച മിനി മാരത്തണും ഉച്ചകഴിഞ്ഞു കാൽവരിമൗണ്ടിൽ എത്തി.
കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽനിന്ന് 27നു രാവിലെ ആരംഭിച്ച സൈക്കിൾ മാരത്തണും ഇന്നലെ ഉച്ചയോടെ കാൽവരിമൗണ്ടിൽ എത്തി. 220 കിലോമീറ്ററോളം യാത്ര ചെയ്താണ് സംഘം കാൽവരിമൗണ്ടിലെത്തിയത്.
അന്പത്തിമൂന്നുകാരനായ കാലടി ശ്രീമൂലനഗരം സ്വദേശി കെ.പി. സലിം അടക്കമുള്ള 34ഓളം ആളുകൾ സൈക്കിൾ മാരത്തണിൽ പങ്കെടുത്തു. രണ്ടു വനിതകളും സംഘത്തിലുണ്ടായിരുന്നു.
ഫെസ്റ്റ് നഗരിയിൽ എത്തിയ മാരത്തണ്‍ സംഘത്തിനു സ്വീകരണം നൽകി.
ടൂറിസം ഫെസ്റ്റിൽ ഇന്ന്
കാൽവരിമൗണ്ട്: ടൂറിസം ഫെസ്റ്റിന്റെ ഒൻപതാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് സഹകരണ സംഗമം സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ എംപി ജോയ്സ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ചൊല്ല്-വികസന ക്ഷേമ പ്രശ്നോത്തരിയിലെ വിജയികൾക്കുള്ള സമ്മാനവിതരണവും യോഗത്തിൽ നടത്തും.
വൈകുന്നേരം 5.30നു സമന്വയ ചെറുതോണിയുടെ നൃത്തസന്ധ്യയും രാത്രി 7.30നു ശശാങ്കൻ മയ്യനാട് നയിക്കുന്ന കോമഡി മെഗാ ഷോയും അരങ്ങേറും.
നാടുണർത്തി സൈക്കിൾ, റണ്‍ മാരത്തണ്‍
10:45 PM Jan 28, 2023 | Deepika.com