ആലപ്പുഴ: എസി റോഡിലെ പൂര്‍ത്തിയായ പാലങ്ങളുടെ സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ജില്ല വികസന സമിതി യോഗത്തില്‍ തോമസ് കെ. തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
കുട്ടനാട് കുടിവെള്ള പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജില്ല വികസന സമിതി യോഗം നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണം, തോടുകളുടെ ആഴംകൂട്ടല്‍ എന്നിവ നടത്തുന്നതില്‍ ജലസേചന വകുപ്പിന്റെ മേജര്‍, മൈനര്‍ വിഭാഗങ്ങള്‍ വ്യക്തമായ ധാരണയോടുകൂടി മുന്നോട്ടുപോകണം. കുട്ടനാട്ടില്‍ നിലാവ് പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള തെരുവ് വിളക്കുകളുടെ പരിപാലനം കെഎസ്ഇബി തന്നെ ചെയ്യുന്നതിന് പരമാവധി ശ്രമിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയിലെ മറ്റ് എംഎല്‍എമാര്‍ നേരത്തെ ഉന്നയിച്ചിരുന്ന വിഷയങ്ങളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടി യോഗം വിലയിരുത്തുകയും ആവശ്യമായ തുടര്‍ നടപടി നിര്‍ദേശിക്കുകയും ചെയ്തു.
യോഗത്തില്‍ എഡിഎം എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ദീപാ ശിവദാസന്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസി റോഡിലെ പൂര്‍ത്തിയായ പാലങ്ങള്‍ തുറന്നുകൊടുക്കണം
10:33 PM Jan 28, 2023 | Deepika.com