എടത്വ: വാല്‍വ് തകരാര്‍ പരിഹരിച്ചില്ല. എടത്വയിലും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം നിലച്ചിട്ട് ആറു മാസം പിന്നിട്ടു. തിരുവല്ലായില്നിന്നുള്ള ശുദ്ധജല വിതരണമാണ് ആറു മാസമായി നിലച്ചിരിക്കുന്നത്. പമ്പ് ഹൗസിലെ വാല്‍വ് തകരാറാണ് ശുദ്ധജല വിതരണം നിലയ്ക്കാന്‍ കാരണം. കുഴല്‍ കിണറില്‍നിന്നുള്ള ജലവിതരണം നടത്തുന്നുണ്ടെങ്കിലും അമ്ലരസം കൂടുതലുള്ള കുഴല്‍ കിണറിലെ ജലം കുടിക്കാനോ പാചകത്തിനോ പൊതുജനങ്ങള്‍ ഉപയോഗിക്കാറില്ല. തിരുവല്ലായില്‍നിന്നു വിതരണം ചെയ്യുന്ന ശുദ്ധജലം ശേഖരിച്ചാണ് കുടിക്കാനും പാചകത്തിനും പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്നത്.
എന്നു പരിഹരിക്കും?
തിരുവല്ലായില്നിന്നുള്ള ജലവിതരണം നിലച്ചതോടെ എടത്വ ടൗണ്‍, പാണ്ടങ്കരി, നൂറ്റെട്ടുംചിറ, ചേന്ദമംഗലം, കാട്ടുംഭാഗം, കോഴിമുക്ക് എന്നീ പ്രദേശങ്ങളില്‍ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പ്രദേശവാസികള്‍ എടത്വാ ജല അതോറിറ്റി ഓഫീസില്‍ പരാതിപ്പെടുമ്പോള്‍ വാല്‍വിലെ ഷട്ടര്‍ തകരാര്‍ പരിഹരിച്ചാല്‍ മാത്രമേ ശുദ്ധജല വിതരണം നടത്താന്‍ കഴിയൂ എന്നാണ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്. ശുദ്ധജലം ലഭിക്കാതെ വന്നതോടെ കുടിക്കാനും പാചകം ചെയ്യാനും സ്വകാര്യ ആര്.ഒ പ്ലാന്റില്‍നിന്നു ശുദ്ധജലം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും, പണമിടപാട് സ്ഥാപനങ്ങളും 250ലേറെ കച്ചവട സ്ഥാപനങ്ങളുമുള്ള എടത്വ ടൗണില്‍ തിരുവല്ലയില്‍നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതോടെ പൊതുജനം കടുത്ത പ്രതിഷേധത്തിലാണ്.
ജല അഥോറിറ്റി അടിയന്തരമായി ഇടപെട്ടു കുടിവെള്ളം ഉറപ്പ് വരുത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എടത്വയില്‍ കുടിവെള്ളം നിലച്ചിട്ട് ആറു മാസം
10:33 PM Jan 28, 2023 | Deepika.com