സ്വന്തം ലേഖകന്‍
പിലിക്കോട്: പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ച ഭീമന് താറാവ് കൂട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. സംയോജിത-ജൈവകൃഷികളെ പ്രോത്സാഹിപ്പിക്കാനായി നെല്ല്, താറാവ്, മത്സ്യക്കൃഷികള്‍ ചേര്‍ത്തുവച്ച് ഉത്പാദന ഉപാധി കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 12 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ ഉയരവും ആറു മീറ്റര്‍ വീതിയുമുള്ള വലിയ താറാവ് കൂട് നിര്‍മിച്ചിട്ടുള്ളത്. 150 താറാവുകളെ വളര്‍ത്താന്‍ സൗകര്യമുള്ള തരത്തിലാണ് താറാവ് കൂടി ഒരുക്കിയത്. വിനോദ സഞ്ചാരികള്‍, യുവതീ-യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും സംയോജിത-ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കാമെന്ന് അധികൃതര്‍ കരുതുന്നു.
പിലിക്കോട് ഗവേഷണ കേന്ദ്രത്തിലെ നെല്‍വയലിനോട് ചേര്‍ന്നാണ് ഭീമന് കൂട് സ്ഥാപിച്ചിട്ടുള്ളത്. സിമെന്റ്, കമ്പി, ഇരുമ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് നിര്‍മിച്ച താറാവിന്റെ ചിറകുകളും കഴുത്തും കൊക്കിലുള്ള മത്സ്യവും ഉള്‍പ്പെടെ മറ്റു ഭാഗങ്ങള്‍ക്ക് സിമെന്റും പൂഴിയും മാത്രമാണ് ഉപയോഗിച്ചത്. മഴയില്‍ പായല്‍ പിടിക്കാത്ത തരത്തിലുള്ള നിറങ്ങളാണ് നല്‍കിയിട്ടുള്ളത്. ശില്പിയും ചിത്രകാരനുമായ സുരഭി ഈയ്യക്കാടിന്റെ നേതൃത്വത്തിലാണ് അവസാനഘട്ടത്തിലെ പ്രവര്‍ത്തികള്‍ നടത്തിയത്. ചെറിയ മിനുക്കുപണികള്‍ കൂടി ബാക്കിയുള്ള താറാവ് കൂട് ഫാം കാര്‍ണിവലില്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമേര്‍പ്പെടുത്തും.
താറാവ് കൂടിന് തൊട്ടടുത്തുള്ള കുളത്തിനോട് ചേര്‍ന്ന് സെല്‍ഫി പോയിന്റും ഒരുക്കുന്നുണ്ട്. കൃഷി പ്രോത്സാഹനത്തോടൊപ്പം ഫാം ടൂറിസം എന്ന കാഴ്ചപ്പാടും വലിയ കൂട് നിര്‍മിച്ചതിന് പിന്നിലുണ്ടെന്ന് പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജ "ദീപിക'യോട് പറഞ്ഞു.
കൗതുകമായി ഭീമന് താറാവ് !
01:32 AM Jan 28, 2023 | Deepika.com