സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർക്ക് ചെയ്തിരുന്ന കാറിന്റെ സ്റ്റീരിയോ കവർന്ന മോഷ്ടാവിനെ വാഹനത്തിന്റെ ഉടമയും സീനിയർ സിവിൽ പോലീസ് ഓഫീസറും സിനിമാ നടനുമായ ജിബിൻ ഗോപിനാഥ് കൈയോടെ പിടികൂടി. ആനയറ സ്വദേശിയായ നിതീഷാണ് (24) പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
തിരുവനന്തപുരം പിഎംജിക്കു സമീപം താമസിക്കുന്ന ജിബിൻ, പോലീസ് കണ്ട്രോൾറൂമിലെ ഉദ്യോഗസ്ഥനാണ്. പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലായിരുന്നു ജിബിൻ കാർ പാർക്ക് ചെയ്തിരുന്നത്. വൈകുന്നേരം കുഞ്ഞിന് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയിലേക്കു പോകുംവഴി തന്റെ കാറിനോടു ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കാറിലേക്കു നോക്കുന്പോൾ ഒരാൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും കാറിന്റെ സ്റ്റീരിയോ സിസ്റ്റവുമായി പുറത്തിറങ്ങുന്നത് കണ്ടു. എന്താണന്നു ചോദിച്ചപ്പോൾ സ്റ്റീരിയോ ഫിക്ട് ചെയ്യാൻ വന്നതാണെന്നായിരുന്നു മറുപടി. ആദ്യം ഒരു വഴിപോക്കൻ എന്ന രീതിയിലാണ് മോഷ്ടാവ് ജിബിനോടു സംസാരിച്ചത്. കാറിന്റെ ഉടമസ്ഥനാണ് ജിബിൻ എന്നത് മോഷ്ട്ടാവ് തിരിച്ചറിഞ്ഞിരുന്നില്ല. താനാണ് കാറിന്റെ ഉടമസ്ഥനെന്നു പറഞ്ഞപ്പോൾ അബദ്ധം പറ്റിയതാണ്, ക്ഷമിക്കണം എന്നായിരുന്നു മോഷ്ടാവിന്റെ മറുപടി. സ്റ്റീരിയോ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജിബിൻ ഒച്ചവച്ച് ആളെ കൂട്ടുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു.
പിന്നീട് മ്യൂസിയം പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തു. നഗരത്തിലെ ഒരു പ്രമുഖ കാർ ഷോറൂമിലെ ജീവനക്കാരാണ് പിടിയിലായ നിതീഷ്. ഇയാളുടെ സഹോദരന്റെ ഓട്ടോറിക്ഷയിലാണ് മോഷണത്തിന് എത്തിയത്. മോഷ്ടാവിൽ നിന്നും പതിനായിരത്തോളം രൂപയും നിരവധി എടിഎം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനു മുൻപും ഇത്തരത്തിൽ ഇയാൾ മോഷണം നടത്തിയിരുന്നു എന്നതാണ് ലഭിക്കുന്ന വിവരം. സംഭവം വിശദീകരിച്ച് പിന്നീട് ജിബിൻ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തു.
കോടതിയിൽ ഹാജരാക്കിയ നിതീഷിനെ റിമാൻഡ് ചെയ്തു. വളരെ വേഗത്തിലാണ് കാർ തുറന്ന് കാറിനുള്ളിലെ മ്യൂസിക് സിസ്റ്റം നിതീഷ് അഴിച്ചെടുത്തതെന്നു പോലീസ് വ്യക്തമാക്കി.
കാറിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ടിച്ചു; പ്രതി പിടിയിൽ
12:03 AM Jan 28, 2023 | Deepika.com