ചങ്ങനാശേരി: മാനവമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും മകുടോദാഹരണമായി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ മകരം തിരുന്നാള്‍ ആഘോഷിച്ചു. പ്രധാനതിരുനാള് ദിനത്തില്‍ നടന്ന പട്ടണ പ്രദക്ഷിണത്തിന് വിശുദ്ധന്റെ തിരുസ്വരൂപം ആദ്യം തോളിലേറ്റിയത് കാവില്‍ ഭഗവതി ക്ഷേത്രോപദേശക സമിതി അംഗങ്ങളായിരുന്നു.
ക്ഷേത്രത്തില്‍നിന്നു വാദ്യാഘോഷങ്ങളുമായി പള്ളിയിലെത്തുകയും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് അകമ്പടി സേവിക്കുകയും ചെയ്യുന്നത് മകരം പെരുന്നാളിന്റെ അത്യാകര്‍ഷണീയ ഘടകമാണ്.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഗിരീഷ് കുമാറും സെക്രട്ടറി ഉണ്ണികൃഷ്ണന് നായരും ചേര്‍ന്നാണ് ഈ വര്‍ഷം ഹാരാര്‍പ്പണം നടത്തിയത്. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ നന്ദിയര്‍പ്പിച്ചു.
നാളെ കൊടിയിറക്കു തിരുനാള്‍ ആഘോഷിക്കും. രാവിലെ 6.45 നുള്ള വിശുദ്ധകുര്‍ബാനയ്ക്കു ശേഷം കഴുന്ന് എഴുന്നെള്ളിപ്പ്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും കൊടിയിറക്കും നടക്കും.
മകരം തിരുനാളിനു നാളെ കൊടിയിറങ്ങും
11:54 PM Jan 27, 2023 | Deepika.com