ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ ലക്ചർ ഹാളിൽ തീപിടിത്തം. ശീതീകരണിയിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കാതിരുന്നതുമൂലമുണ്ടായ ഷോർട്ട് സർക്യൂട്ടാണു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലിഫ്റ്റ് ഓപ്പറേറ്ററുടെയും അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. ഇന്നലെ ഉച്ചയ്ക്ക് 1.30നാണു തീപിടിത്തം ഉണ്ടായത്. ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർഥികൾക്കുള്ള ക്ലാസ് റൂമിലെ സ്റ്റൈബിലൈസറിലാണ് തീപിടിത്തമുണ്ടായത്. വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞു പോയതിനാൽ അപകടം ഒഴിവായി.
വിവരം അറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരും ലിഫ്റ്റ് ഓപ്പറേറ്ററും ഓടിയെത്തി വിവിധ വാർഡുകളിൽ സൂക്ഷിച്ചിരുന്ന അഗ്നിശമനോപകരണം കൊണ്ടുവന്ന് തീ അണയ്ക്കുകയായിരുന്നു. ബുധനാഴ്ച വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞശേഷം ശീതീകരണ ഉപകരണം ഓഫ് ചെയ്തിരുന്നില്ല.
വ്യാഴാഴ്ച ക്ലാസ് ഉണ്ടായിരുന്നുമില്ല. അതിനാൽ തുടർച്ചയായുള്ള ഉപയോഗം മൂലം സ്റ്റെബിലൈസർ അമിത ചൂടായതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല.
മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തീപിടിത്തം
11:53 PM Jan 27, 2023 | Deepika.com