മീനടം: കിടപ്പിലായ വയോധികയായ അമ്മയെയും സഹോദരനെയും അസഭ്യം പറഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ മകൻ അറസ്റ്റിൽ.
മീനടം മാത്തുപ്പടി തെക്കയിൽ വർഗീസ് തോമസിനെ(കൊച്ചുമോൻ- 49) യാണു പാന്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിച്ചു വീട്ടിലെത്തുന്ന ഇയാൾ അമ്മയെ അസഭ്യം പറഞ്ഞും തല്ലിയും ഉപദ്രവിക്കാറുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ഇടപെട്ടിട്ടും ഇയാൾ മർദനം തുടർന്നിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അമ്മയായ മറിയാമ്മ തോമസിനെ(93) അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് അസഭ്യം പറയുകയും കൈകൊണ്ടു മുഖത്തിന് അടിക്കുകയും തലഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം വീണ്ടും അമ്മയെ മർദിക്കുന്ന സമയത്ത് കൊച്ചുമോന്റെ ഭാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാർഡ് അംഗത്തിനും മറ്റുള്ളവർക്കും അയയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അമ്മയുടെ പരാതിയെ തുടർന്നുമാണു പാന്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടിയത്.
അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
11:23 PM Jan 27, 2023 | Deepika.com