കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണി തകര്‍ച്ച നേരിടുന്നതിന്റെ പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും കര്‍ഷകവിരുദ്ധ നിഷ്ക്രിയ സമീപനമാണെന്നും വ്യവസായികളെ സംരക്ഷിക്കാന്‍ കര്‍ഷകനെ കുരുതികൊടുക്കുന്ന ക്രൂരത ഭരണസംവിധാനങ്ങള്‍ തുടരുന്ന കാലത്തോളം റബര്‍ കര്ഷകന് നീതി ലഭിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
റബറിന്റെ രാജ്യാന്തരവില ഉയര്ന്നുനില്ക്കുമ്പോള് ഇറക്കുമതി ആദായകരമല്ല. ഇതിന്റെ മറവില്‍ ആഭ്യന്തര വിപണി തകര്‍ത്ത് സംഭരണം നടത്തുകയെന്ന തന്ത്രമാണ് വ്യവസായികള്‍ നടപ്പിലാക്കുന്നത്.
ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ യാതൊരു ഇടപെടലും നടത്താതെ റബര്‍ബോര്‍ഡ് വ്യവസായികള്‍ക്ക് ഒത്താശ ചെയ്യുന്നു. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിപണിവില വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാന്‍ മാത്രമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. റബര്‍ വിപണിയെ കാലങ്ങളായി നിയന്ത്രിക്കുന്ന വ്യവസായികളുടെ റബര്‍ സ്റ്റാമ്പായി വാണിജ്യമന്ത്രാലയവും റബര്‍ ബോര്‍ഡും അധഃപതിച്ചിരിക്കുന്നു.
ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷകരെ വിഡ്ഢികളാക്കാന്‍ നടത്തുന്ന ചട്ടപ്പടി സമരങ്ങളില്‍ വിശ്വാസമില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
11:17 PM Jan 27, 2023 | Deepika.com