കായംകുളം: മധ്യതിരുവിതാംകൂറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിർണയക പങ്കുവഹിക്കുന്ന കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ നവതി നിറവിൽ. 1934ൽ ആർച്ച്ബിഷപ് മാർ ഇവാനിയോസ് പതിനൊന്നാം പീയൂസ് മാർപാപ്പയുടെ പേരിൽ സ്ഥാപിച്ചതാണ് പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ. മലങ്കര കത്തോലിക്ക സഭയുടെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്.
പ്രതിഭകളുടെ സ്കൂൾ
ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവർക്കു മാത്രം ലഭ്യമായിരുന്ന കാലത്തു സൗജന്യവും ഫീസ് ഇളവും നൽകി വിദ്യാർഥികൾക്ക് ഇവിടെ പ്രവേശനം നൽകി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എം.എസ്. അരുൺ കുമാർ എംഎൽഎ, ആദ്യത്തെ ഡപ്യൂട്ടി സ്പീക്കർ ഐഷാ ഭായി, മുൻ ഡപ്യൂട്ടി സ്പീക്കർ നബീസത്ത് ബീവി, സിറിൽ മാർ ബസേലിയോസ് കാതോലിക്ക ബാവ, തോമസ് മാർ അന്തോണിയോസ്, കാർട്ടൂണിസ്റ്റ് യേശുദാസൻ, കാർട്ടൂണിസ്റ്റ് കെ.പി. മുരളീധരൻ, കവി ഭരണിക്കാവ് ശിവകുമാർ, ഐഎസ്ആർഒ ശാസ്ത്രജ്ഞൻ-മംഗൽയാൻ ഫെയിം ആർ. ഹട്ടൻ, ശാസ്ത്രജ്ഞൻ കോശി എം. ജോർജ്, ബിജു പ്രഭാകർ ഐഎഎസ്, പ്രമുഖ സാഹിത്യകാരൻ പുതുശേരി രാമചന്ദ്രൻ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. നൈനാൻ തരകൻ ആന്നിയിൽ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നിരവധി പ്രമുഖർ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. ബഥനി സന്യസ്തർ നടത്തിയിരുന്ന ബോർഡിംഗ് കേരളത്തിനകത്തും പുറത്തും ഒരുപോലെ പ്രശസ്തമായിരുന്നു. രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ പൊതുവിദ്യാലയം മികവിന്റെ കേന്ദ്രമാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ആലപ്പുഴ ജില്ലയിൽതന്നെ മുന്നിലാണ് പോപ്പ് പയസ് സ്കൂൾ.
ഗോവ ഗവർണർ ഉദ്ഘാടനം
ഒരുവർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷം 2023 ഫെബ്രുവരി ഒന്നു മുതൽ 2024 ഫെബ്രുവരി ഒന്നു വരെ ആഘോഷിക്കും. ഫെബ്രുവരി 1, 2 തീയതികളിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ചലച്ചിത്രപിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ഫ്ളവേഴ്സ് ടോപ് സിംഗർ ഫെയിം വൈഗാ ലക്ഷ്മി, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയവർ സംബന്ധിക്കും. സമ്മേളനത്തിൽ വിവിധ പ്രതിഭകളെ ആദരിക്കും.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, യാത്രയയപ്പ് സമ്മേളനം, വിളംബര ഘോഷയാത്ര, നാടകം എന്നിവ നടക്കും. പ്രിൻസിപ്പൽ സുമ എസ്. മലഞ്ചരുവിൽ, ഹെഡ് മാസ്റ്റർ ബിജു ടി. വർഗീസ്, ജനറൽ കൺവീനർ സി.ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ 75 അംഗ കമ്മിറ്റികൾക്കു രൂപം നൽകി.
നവതി നിറവിൽ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ
10:36 PM Jan 27, 2023 | Deepika.com