കണ്ണൂർ: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള നാലു പ്രതികളും ജയിൽമോചിതരായി. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഇന്നലെ തടഞ്ഞ സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസൽ, സെയ്ദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർ ഇന്നലെ രാത്രി ഏഴോടെ കണ്ണൂർ സെൻട്രയിൽ ജയിലിൽനിന്നും പുറത്തിറങ്ങിയത്.
വധശ്രമക്കേസിൽ വിചാരണക്കോടതി പത്തു വർഷം തടവുശിക്ഷ വിധിച്ചത് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു വിധി.
മുൻ കേന്ദ്രമന്ത്രി പി.എം. സെയ്തിന്റെ മരുമകൻ മുഹമ്മദ സ്വാലിഹിനെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് നാലുപേരെയും പത്തു വർഷം തടവിനും ഓരോ ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട നാലുപേരെയും കഴിഞ്ഞദിവസമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ പാർപ്പിച്ചത്.
വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയടക്കം നാലു പ്രതികൾ ജയിൽമോചിതരായി
12:43 AM Jan 26, 2023 | Deepika.com