മണ്ണാർക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന എൻ.ഹംസയുടെ സ്മരണാർത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷൻ തലത്തിൽ അരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ എൻ.ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ്കാരത്തിന് സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ പി.മുഹമ്മദലി അൻസാരി അർഹനായി. 5001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ 11ന് കുമരംപുത്തൂർ വട്ടന്പലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ.ഷംസുദ്ദീൻ എംഎൽഎ സമ്മാനിക്കുമെന്ന് ജില്ല പഞ്ചായത്ത് മെന്പർ ഗഫൂർ കോൽകളത്തിൽ അറിയിച്ചു.
സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം കിടപ്പുരോഗികൾക്ക് പരിചരണവും സാന്ത്വനവും നല്കുന്ന പാലിയേറ്റീവ് പ്രവർത്തനമേഖലയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി മുഹമ്മദലി അൻസാരി സമർപ്പിച്ച നിസ്തുലസേവനത്തെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം നല്കുന്നത്.
കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിലെ റിട്ട. അധ്യാപകനായ അൻസാരി രാഷ്ട്രീയ രംഗത്തും മത സാമൂഹിക മേഖലയിലും സജീവമാണ്.
എൻ.ഹംസ സ്മാരക രാഷ്ട്രസേവാ പുരസ്കാരം പി.മുഹമ്മദലി അൻസാരിക്ക്
12:37 AM Jan 26, 2023 | Deepika.com