മണ്ണാർക്കാട് : കേന്ദ്ര സർക്കാറിന്റെ പദ്ധതികളെ കേരള സർക്കാർ ഹൈജാക്ക് ചെയ്യുകയാണെന്നും കേരളം പരസ്യത്തിനായി പ്രവർത്തിക്കുകയാണെന്നും കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബ. കാഞ്ഞിരപ്പുഴ മുണ്ടക്കിൽ ആദിവാസി കുടുംബങ്ങൾക്കായി നിർമിച്ചു നല്കുന്ന വീടുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര പദ്ധതികൾ വളരെ നല്ല രീതിയിൽ നടപ്പാക്കുന്നുണ്ട്. നിർഭാഗ്യവശാൽ കേരളം കേന്ദ്ര പദ്ധതികളിൽ കേന്ദ്രത്തിനെ അവഗണിച്ച് കേരളത്തിലെ വികസനം തങ്ങളുടെതാണെന്നു പബ്ലിസിറ്റി നടത്തുകയാണെന്നും ഇതു തെറ്റാണെന്നും മന്ത്രി പറഞ്ഞു. റോഡ്, വൈദ്യുതി, ശുദ്ധജലം, ശൗചാലയങ്ങൾ, തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും കേന്ദ്ര പദ്ധതികൾ കാര്യക്ഷമമായി നടത്തുന്നു. ഇതെല്ലാം പേരു മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം ജനങ്ങൾക്കറിയാമെന്നും ഏതു സർക്കാരാണ് പദ്ധതികൾ കൊണ്ടുവരുന്നതെന്ന് അവർക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം വനവാസികളുടെ ഉന്നമനത്തിനു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു, എന്നാൽ അത് അവർക്ക് വേണ്ട രീതിയിൽ എത്തിക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടകുന്നിൽ ആദിവാസികളുടെ ക്ഷേമങ്ങൾ മന്ത്രി അന്വേഷിച്ചു. എല്ലാ പണികളും പൂർത്തികരിച്ച് നൽകാൻ അധികൃതരോട് നിർദേശം നല്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, രഘുനാഥ്, പ്രസിഡന്റ് പി.സാബു, മണ്ഡലം പ്രസിഡന്റ് രവി അടയത്ത് , സെക്രട്ടറി ജയരാജ് എന്നിവർ മന്ത്രിയെ അനുഗമിച്ചു.
കേന്ദ്ര പദ്ധതികൾ കേരള പദ്ധതികളാക്കി മാറ്റുന്നു: കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബ
12:34 AM Jan 26, 2023 | Deepika.com