കൊച്ചി: പഞ്ചായത്തില്‍ നിന്നും മറ്റു മാലിന്യ ങ്ങൾക്കൊപ്പം തുണിമാലിന്യങ്ങളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കാന്പ യിന്റെ ഭാഗമായി ചോറ്റാനിക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ 6300 കിലോ തുണിമാലിന്യങ്ങള്‍ ശേഖരിച്ചു. 447 വീടുകളില്‍ നിന്നാണ് മാലിന്യങ്ങള്‍ ശേഖരിച്ചത്.
രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെ ശേഖരിച്ച മാലിന്യങ്ങള്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ എത്തിച്ചു. അവിടെനിന്ന് തരം തിരിച്ച് തീരെ ഉപയോഗശൂന്യമായവ സംസ്കരിക്കുന്നതിനായി സ്വകാര്യ ഏജന്‍സിക്ക് കൈമാറി. കേടുപാടുകള്‍ ഇല്ലാത്ത തുണിത്തരങ്ങള്‍ അനാഥാലയത്തിലേക്കു നല്കി.
പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നുള്ള 28 ഹരിത കര്‍മസേനാംഗങ്ങളാണ് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുള്ളത്. അജൈവമാലിന്യ ശേഖരണത്തിലൂടെ കഴിഞ്ഞ വര്‍ഷം 1.94 ലക്ഷം രൂപയാണ് ഹരിതകര്‍മസേനയ്ക്ക് ലഭിച്ചത്.
സമീപ പ്രദേശങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് ചോറ്റാനിക്കര. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ച് അഞ്ചു വര്‍ഷംകൊണ്ട് 270 ടണ്‍ മാലിന്യങ്ങളാണ് പഞ്ചായത്തില്‍ നിന്ന് നീക്കം ചെയ്തത്.
ചോറ്റാനിക്കര പഞ്ചായത്ത് 6,300 കിലോ തുണിമാലിന്യം ശേഖരിച്ചു
12:27 AM Jan 26, 2023 | Deepika.com