മൂവാറ്റുപുഴ: കെഎസ്ടിപി ഓഫീസ് മൂവാറ്റുപുഴയിൽനിന്നു മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെജിഒഎ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ഓഫീസ് റസ്റ്റ് ഹൗസ് നവീകരണത്തിന്റെ പേരിൽ ആലുവയിലേക്ക് മാറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂർ എന്നീ അഞ്ച് ജില്ലകളിലെ റോഡ് വികസന, പുനർനിർമാണ പ്രവൃത്തികൾ തയാറാക്കുന്നതും നടപ്പാക്കുന്നതും ഈ ഓഫീസ് വഴിയാണ്.
കേവലം റെസ്റ്റ് ഹൗസ് നവീകരണത്തിന്റെ പേരിൽ കെഎസ്ടിപി ഓഫീസ് മൂവാറ്റുപുഴയിൽനിന്നു മാറ്റാനുള്ള അധികാരികളുടെ നീക്കം ജില്ലയുടെ കിഴക്കൻ പ്രദേശത്തെ വികസന സ്വപ്നങ്ങളെ തകർക്കുമെന്ന് യോഗം വിലയിരുത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ ഏരിയയുടെ 34-ാം വാർഷിക സമ്മേളനമാണ് നടന്നത്. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുമ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജ്മൽ സി. മൊയ്തീൻ, ഏരിയ സെക്രട്ടറി ഡി. ഉല്ലാസ്, ഏരിയ ട്രഷറർ എമിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.ബി മനീഷ് (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി വി.എൻ. രഞ്ജിത്ത്, പ്രിയ പോൾ, ഉല്ലാസ് ചാരുത (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാരായി ജയ്മോൻ ചെറിയാൻ, പി.എം. വിനോദ് കുമാർ, ട്രഷററായി അജ്മൽ സി. മൊയ്തീനെയും വനിത കണ്‍വീനറായി ജീജ വിജയനേയും സമ്മേളനം തെരഞ്ഞെടുത്തു.
കെഎസ്ടിപി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം
12:25 AM Jan 26, 2023 | Deepika.com