പിറവം: വ്യാജ രേഖ ചമച്ച് വീട്ടമ്മയിൽനിന്നു പണം തട്ടിയെന്ന സിപിഎമ്മിന്റെ ആരോപണത്തിനെതിരെ പാമ്പാക്കുട പഞ്ചായത്തംഗം ജിനു സി. ചാണ്ടി പോലീസിൽ പരാതി നൽകി. 12-ാം വാർഡിലെ വിവിധ പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് അംഗമായ ജിനു സി.ചാണ്ടി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തിയിരുന്നു.
ഇതിനോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ നടത്തിയത് മാനഹാനിക്കിടയാക്കിയെന്ന് ആരോപിച്ചാണ് സിപിഎം ലോക്കൽ സെക്രട്ടറി ബേസിൽ സണ്ണിക്കെതിരെ ജിനു രാമമംഗലം പോലീസിൽ പരാതി നൽകിയത്. വ്യാജരേഖ ചമയ്ക്കൽ, അരീക്കൽ ഫെസ്റ്റ്, തരിശുനില കൃഷി, പാവപ്പെട്ടവർക്ക് വീട് നിർമാണം, ശുചിമുറി നിർമാണം തുടങ്ങി വിവിധ പദ്ധതികളുടെ നടത്തിപ്പിൽ സിപിഎം ക്രമക്കേട് ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിച്ചില്ലെങ്കിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജിനു സി.ചാണ്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
സിപിഎമ്മിനെതിരെ പഞ്ചായത്തംഗത്തിന്റെ പരാതി
12:25 AM Jan 26, 2023 | Deepika.com