കൽപ്പറ്റ: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബത്തേരി സെന്റ് മേരീസ് കോളജിൽ സിനിമ, സീരിയൽ താരം അൻസിൽ റഹ്മാൻ നിർവഹിച്ചു. ജില്ലാ കളക്ടർ എ. ഗീത അധ്യക്ഷത വഹിച്ചു. ’വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നതാണ് ഈ വർഷത്തെ ദേശീയ സമ്മതിദായക ദിനാഘോഷ സന്ദേശം. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിൽ പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ജില്ലാ കളക്ടർ എ. ഗീത ചൊല്ലി കൊടുത്തു. സെന്റ് മേരീസ് കോളജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം എഡിഎം എൻ.ഐ. ഷാജു, മികച്ച ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള അംഗീകാരപത്രം എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് എന്നിവർ വിതരണം ചെയ്തു.
ജില്ലയിലെ ഏറ്റവും മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബായ തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രതിനിധികൾക്ക് എൽഎ ഡെപ്യൂട്ടി കളക്ടർ വി. അബൂബക്കർ മെമന്േറാ നൽകി ആദരിച്ചു. തിരിച്ചറിയൽ കാർഡ് (ഇ എപിക്) വിതരണോദ്ഘാടനം എൽആർ സ്പെഷൽ ഡെപ്യൂട്ടി കളക്ടർ കെ. ദേവകി നിർവഹിച്ചു.
ഇആർഒ ആൻഡ് തഹൽസിദാർമാരായ എം.എസ്. ശിവദാസൻ, വി.കെ. ഷാജി, സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ പി.സി. റോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ദേശീയ സമ്മതിദായക ദിനാചരണം നടത്തി
12:13 AM Jan 26, 2023 | Deepika.com