മേൽപ്പാലത്തിനു താഴെ പാർക്കിംഗ്; അധികൃതരുടെ ഇടപെടൽവേണം
12:04 AM Jan 26, 2023 | Deepika.com
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കുമാരപുരത്തുനിന്നു എസ്എടി വരെ നീളുന്ന മേൽപ്പാലത്തിനു താഴെയുള്ളത് വിശാലമായ പാർക്കിംഗ് സ്ഥലം. എന്നാൽ ഈ ഭാഗത്തു വാഹന പാർക്കിംഗ് ഒരുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മികച്ച ഒരു വാഹന പാർക്കിംഗ് സ്ഥലമായി മാറ്റാവുന്ന ഭാഗമാണിത്. ഡിഎം ഇ ഓഫീസിനു സമീപത്തുനിന്നു മീറ്ററുകൾ മാത്രം സഞ്ചരിച്ചാൽ പാർക്കിംഗ് സ്ഥലത്ത് എത്താൻ സാധിക്കും. ഏകദേശം 500 കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന വിശാലമായ ഇടമാണ് ഇവിടെയുള്ളത്. ഇരുചക്ര വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ മെഡിക്കൽ കോളജിലെ വാഹന പാർക്കിംഗ് ബാഹുല്യം ഒഴിവാക്കാനും കഴിയും. നിലവിൽ ഒരു കേന്ദ്രീകൃത പാർക്കിംഗ് സംവിധാനം ഇല്ലാതെ കിടക്കുകയാണ് മേൽപ്പാലത്തിന്റെ അടിവശം. കൃത്യമായ ഒരു പാർക്കിംഗ് യാർഡ് നിർമിക്കുകയാണെങ്കിൽ ധാരാളം സ്ഥലസൗകര്യം ഇവിടെ ഉണ്ടായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ അടിയന്തരമായി ഇടപെട്ട് മികച്ച ഒരു പാർക്കിംഗ് കേന്ദ്രമായി അടിപ്പാലത്തിനു താഴെയുള്ള സ്ഥലം ഉപയോഗപ്പെടുത്തണം.