നേമം : ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച നേമത്ത് സംഘർഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ വെള്ളായണി ജംഗ്ഷനിൽ നടത്തിയ പ്രദർശനത്തിന് നേരെ പ്രതിഷേധവുമായി ബിജെപി, യുവമോർച്ച പ്രവർത്തകർ എത്തിയതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
രാത്രി ഏഴിന് പ്രദർശനം ആരംഭിച്ചതോടെ ശാന്തിവിളയിൽ നിന്നും പ്രകടനമായി എത്തിയ ബിജെപി ,യുവമോർച്ച പ്രവർത്തകരെ വെള്ളായണി വച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ ചാടികയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് പോലീസ് വാഹനത്തിൽ കൊണ്ടുപോയി ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പോലീസ് വാഹനത്തിന് അടുത്തേയ്ക്ക് ഓടി വന്നതോടെ പോലീസ് ലാത്തിവീശി. ലാത്തിയടിയിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് അടിയേറ്റു. പിന്നീട് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീർ, ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട്, ജമീർ, ഋഷി തുടങ്ങിയവർ പ്രദർശനത്തിന് നേതൃത്വം നൽകി. ബിജെപി നേതാക്കളായ എം.ആർ.ഗോപൻ, ശാന്തിവിള വിനോദ്, മേലാംകോട് ബിജു, നേമം സജി, യുവമോർച്ച നേതാക്കളായ പാപ്പനംകോട് നന്ദു, വിഷ്ണുനന്പൂതിരി, നീറമണ്‍കര രാജേഷ്, ജലജ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ വൻ പോലീസ് ശക്തമായ പോലീസ് സന്നാഹത്തെ വ്യന്യാസിച്ചിരുന്നു.
നേമത്ത് പോലീസ് ലാത്തി വീശി
11:35 PM Jan 25, 2023 | Deepika.com