നെടുങ്കണ്ടം: നെടുങ്കണ്ടത്തു പോലിസ് കസ്റ്റഡിയില്‍നിന്നു പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടു സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്. പോക്സോ കേസില്‍ പിടിയിലായ രണ്ടു പ്രതികളെ തിങ്കളാഴ്ച രാത്രി നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നതിനിടെ ഒന്നാം പ്രതി പോലിസിനെ വെട്ടിച്ചു രക്ഷപ്പെട്ട സംഭവത്തിലാണു നടപടി.
പ്രതികളെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുന്നതിനു എസ്കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം. വാഹിദ്, കെ.ബി. ഷമീര്‍ എന്നിവരെയാണു ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.
ഇതിനിടെ പോക്സോ കേസിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പോലീസുകാരുടെ വാട്സ്ആപ് കൂട്ടായ്മയില്‍നിന്നു പുറത്തായതു സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അച്ഛന്റെ ഫോട്ടോ ഉള്‍പ്പടെയാണു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതി ചാടിപ്പോകുന്നതിനു മുമ്പുതന്നെ പോലീസിന്റെ വാട്സ്ആപ് ഗ്രൂപ്പില്‍നിന്നു ഫോട്ടോ പുറത്തായിരുന്നു. പിന്നീട് പ്രതി രക്ഷപ്പെട്ടതിനു ശേഷവും പ്രതിയുടെ ഫോട്ടോയും കേസിന്റെ വിശദാംശങ്ങളും അടക്കം പോലീസ് തന്നെ വാട്സ്ആപിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവങ്ങളില്‍ നെടുങ്കണ്ടം പോലീസ് എസ്എച്ച്ഒ, സംഭവദിവസം ജിഡി ചാര്‍ജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥന് എന്നിവര്‍ കൃത്യവിലോപം കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്കി.
അതേസമയം, തെരച്ചില്‍ മൂന്നു ദിവസം പിന്നിട്ടിട്ടും ചാടിപ്പോയ പ്രതി പോലീസിനെ വട്ടം കറക്കുകയാണ്. ഇന്നലെയും പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പാമ്പാടുംപാറ ആദിയാര്പുരത്ത് പ്രതിയെ കണ്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നു പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. പ്രതി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലത്തുണ്ടെന്നാണു നിഗമനം. വന്മരങ്ങളും കാടും പാറക്കെട്ടുകളും നിറഞ്ഞ ഈ സ്ഥലത്ത് ഒളിച്ചിരിക്കാനാണു സാധ്യത.
ഇന്നലെയും നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട്, വണ്ടന്മേട്, കട്ടപ്പന പോലിസ് സ്റ്റേഷനുകളില്‍നിന്നു ഉദ്യോഗസ്ഥരെത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍ നടത്തിയത്. തെരച്ചിലിനു കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള 20 അംഗ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്
10:28 PM Jan 25, 2023 | Deepika.com