വാഴൂർ: ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടയരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാൻ കോട്ടയം പദ്ധതിപ്രകാരം ആറു പഞ്ചായത്തുകളിലായി നടത്തുന്ന സർവിക്കൽ സ്ക്രീനിംഗ്, പാപ്സ്മിയർ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. പി.എം. ജോൺ, ഡോ. സക്കറിയാസ്, ഡോ. സ്മിത, മിനിമോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ആശാ പ്രവർത്തകർ മുഖാന്തരം വീടുകളിൽ സർവേ നടത്തി കണ്ടെത്തിയ ഹൈറിസ്ക് കാറ്റഗറിയിലുള്ള ആളുകളെയാണ് സ്ക്രീനിംഗിനായി തെരഞ്ഞെടുത്തത്.
രോഗസാധ്യതയുള്ള ആളുകളെ നിരന്തരം പരിശോധന നടത്തി നേരത്തെതന്നെ രോഗം കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
വെള്ളാവൂർ, നെടുങ്കുന്നം, കങ്ങഴ, ചിറക്കടവ്, കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലും പദ്ധതി പ്രകാരം പരിശോധനകൾ നടത്തും.
സർവിക്കൽ സ്ക്രീനിംഗും പാപ്സ്മിയർ പരിശോധനയും
10:20 PM Jan 25, 2023 | Deepika.com