എരുമേലി: സ്വന്തം നാട്ടിൽ വിമാനത്താവളം വരാൻ കാത്തിരിക്കുന്ന എരുമേലിക്കാർക്ക് ഇതാ സന്തോഷവാർത്ത. എരുമേലിയിൽ വിമാനത്താവളം വരുന്നതിന് മുന്നേ ഇനി ആനവണ്ടിയിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാം.
എരുമേലിയിൽനിന്നാണ് ഈ പുതിയ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക. എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട വഴിയാണ് നെടുമ്പാശേരിക്കുള്ള റൂട്ട് തയാറാക്കിയിരിക്കുന്നത്.
ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നാണ് ഇതിനുള്ള പ്രപ്പോസൽ തയാറാക്കിയിരിക്കുന്നത്. അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതാദ്യമായാണ് ഈ റൂട്ടിൽ നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള ബസ് സർവീസ് ആരംഭിക്കുന്നത്.
എരുമേലിയിൽ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കലിന് സർക്കാർ ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞയിടെയാണ്. എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം പ്രദേശങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്ക് ഒട്ടേറെ പേരാണ് ദിവസവും യാത്ര ചെയ്യുന്നത്. നേരിട്ടുള്ള സർവീസ് ഇല്ലാത്തതിനാൽ ബസുകൾ മാറിക്കയറിയാണ് നെടുമ്പാശേരിയിൽ എത്താൻ കഴിയുക. മിക്കവരും സ്വകാര്യ, ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
വരുന്നുണ്ട് ആനവണ്ടി; എരുമേലി ടു വിമാനത്താവളം
10:17 PM Jan 25, 2023 | Deepika.com