കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ നിയമനം സംബന്ധിച്ചുള്ള വിവാദത്തിൽ ആരോപണ വിധേയയായ യുവതി ജില്ലാ പോലീസിന് നൽകിയ പരാതിയിൽ അന്വേഷണത്തിനായി പോലീസ് മെഡിക്കൽ കോളജിലെത്തി. ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിലെത്തിയ പോലീസ്, ആറിനു മെഡിക്കൽ കോളജിൽ നടന്ന പിആർഒ ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിന് യുവതിക്ക് അയച്ചുവെന്ന കത്തിനെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചു.
പോലീസിന്റെ അനേഷണത്തിൽ ഇന്റർവ്യുവിനു പങ്കെടുക്കുവാൻ യുവതിക്കു കത്തയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഈ യുവതി ഇന്റർവ്യൂവിന് ഹാജരാകാനുണ്ടായ സാഹചര്യത്തെക്കുറിച്ചു പോലീസ് അന്വേഷണം ശക്തമാക്കുമെന്നാണ് അറിയാൻ കഴിയുന്നത്. യുവതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതാണോ, അതോ ഇന്റർവ്യൂവിൽ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാർഥിയുടെ അനുമതിയോടെ സംഭവിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മെഡിക്കൽ കോളജ് പിആർഒ ട്രെയിനിയായിരുന്ന ഏറ്റുമാനൂർ പേരൂർ സ്വദേശിനിയോടാണ് ഇന്റർവ്യൂവിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആറിനാണു പിആർഒ ഇന്റർവ്യു നടന്നത്.
പിആർഒ നിയമന വിവാദം: പോലീസ് അന്വേഷണം ആരംഭിച്ചു
10:16 PM Jan 25, 2023 | Deepika.com