കോട്ടയം: തെരുവുനായ ശല്യം നേരിടുന്നതിനായി കോട്ടയം കോടിമതയില്‍ പണികഴിപ്പിച്ച എബിസി സെന്ററിന്റെ (അനിമല്‍ ബര്‍ത്ത് കണ്ട്രോള് സെന്റർ) പ്രവര്‍ത്തനോദ്ഘാടനം ഇന്നുച്ചകഴിഞ്ഞു രണ്ടിനു മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. കോടിമത പച്ചക്കറിച്ചന്തയ്ക്കു സമീപമാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
എബിസി സെന്ററിനായി കോട്ടയം നഗരസഭ സ്ഥലസൗകര്യവും കെട്ടിടവും ഓപ്പറേഷന് തിയറ്ററും ഒരുക്കിയപ്പോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ വാര്‍ഡിന്റെ നിര്‍മാണത്തിനും ആവശ്യമായ 57 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി. ഒരു എയര്‍കണ്ടീഷന്‍ഡ് ഓപ്പറേഷന് തിയറ്റര്‍, പ്രീ ആന്‍ഡ് പോസ്റ്റ് പരിചരണ സംവിധാനത്തോടു കൂടിയ മുറികള്‍, സിസിടിവി നിരീക്ഷണ സംവിധാനം, ഓഫീസ് റൂം, സ്റ്റോര്‍ റൂം, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാന മുറി, വന്ധ്യംകരണശസ്ത്രക്രിയയ്ക്കു ശേഷം മുറിവുണങ്ങുന്നതുവരെ ശുശ്രൂഷിക്കാനായി 50 നായ്ക്കള്‍ക്കുള്ള കൂടുകളോടു കൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ വാര്‍ഡ് എന്നിവ കൂടാതെ ജീവനക്കാര്‍ക്കുള്ള ഡോര്‍മിറ്ററി സംവിധാനവും കോടിമത സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു ഓപ്പറേഷന് തിയറ്റര്‍ സഹായി, നാല് ശ്വാനപരിപാലകര്, മൂന്ന് ഡോഗ് കാച്ചേഴ്സ്, ഒരു ശുചീകരണ സഹായി എന്നിവരെയും സെന്ററില്‍ നിയമിച്ചിട്ടുണ്ട്.
പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ നിര്‍മല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച സില്കിന്റെയും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് സ്റ്റാര്‍ട്ടപ്പ് കന്പനിയുടെയും മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവരെ യോഗത്തില്‍ ആദരിക്കും.
കോടിമതയില്‍ എബിസി സെന്റര്‍ ഉദ്ഘാടനം ഇന്ന്
10:16 PM Jan 25, 2023 | Deepika.com